തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയുള്ള കാലയളവിൽ പദ്ധതി നടപ്പാക്കിയതിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടായ വരുമാനനഷ്ടം നികത്തുന്നതിനാണ് തുക അനുവദിച്ചത്. നവംബർ 16-നാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങിയത്.
പുതിയ വിഹിതം കൂടി ഉൾപ്പെടെ പദ്ധതി ആരംഭിച്ചതു മുതൽ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അനുവദിച്ച ആകെ തുക 342.95 കോടി രൂപയായി. ഒക്ടോബറിലെ ആദ്യ 15 ദിവസത്തിനുള്ളിൽ 2,08,58,236 സ്ത്രീ യാത്രക്കാർ സൗജന്യയാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.
പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ 41.50 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജൂലൈ ഒന്ന് മുതൽ 15 വരെ 42.86 കോടി രൂപയും ജൂലൈ 16 മുതൽ 31 വരെ 46.48 കോടി രൂപയും അനുവദിച്ചു. ഓഗസ്റ്റിലെ യാത്രകൾക്കായി 79.53 കോടി രൂപയും സെപ്റ്റംബറിലെ യാത്രകൾക്കായി 88.23 കോടി രൂപയും അനുവദിച്ചിരുന്നു. ഒക്ടോബറിലെ ആദ്യ പകുതിയിലെ 44.35 കോടി രൂപ കൂടി ചേർത്താണ് ആകെ വിഹിതം 342.95 കോടി രൂപയിലെത്തിയത്.
കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര ഉറപ്പാക്കുന്ന പദ്ധതിക്ക് 2026 ജൂൺ 15-നാണ് തുടക്കമായത്. പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ ധനസഹായമായി നികത്തുകയാണ് ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതിക്കായി 600 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

