സിഡ്നി: വാഹനത്തിന്റെ വിൻഡ്സ്ക്രീനിലും ഡാഷ്ബോർഡിലുമായി ഏഴ് ഡിജിറ്റൽ സ്ക്രീനുകൾ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ യൂട്യൂബ് വീഡിയോ കണ്ട സിഡ്നി സ്വദേശിയെ പൊലീസ് പിടികൂടി. നവംബർ 17-ന് പടിഞ്ഞാറൻ സിഡ്നിയിലെ ബെറാലയിൽ വെച്ച് ഓബേൺ ഹൈവേ പട്രോൾ നടത്തിയ പരിശോധനയിലാണ് ലിഡ്കോംബ് സ്വദേശിയായ ഡ്രൈവർ കുടുങ്ങിയത്. ഇയാൾക്കെതിരെ പൊലീസ് രണ്ട് നിയമലംഘന നോട്ടീസുകൾ പുറപ്പെടുവിച്ചു.
വാഹനത്തിന്റെ മുൻവശത്തെ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ക്രീനുകൾ സ്ഥാപിച്ചതിനും, വാഹനമോടിക്കുമ്പോൾ ഡ്രൈവർക്ക് കാണാവുന്ന രീതിയിൽ വീഡിയോ ഡിസ്പ്ലേ പ്രവർത്തിപ്പിച്ചതിനുമാണ് പിഴ ചുമത്തിയത്. ഏഴ് ഉപകരണങ്ങളിൽ ഒന്നിൽ യൂട്യൂബ് പ്ലേ ചെയ്യുന്ന നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം, ഡ്രൈവറുടെ ശ്രദ്ധ നാല് സെക്കൻഡ് നേരത്തേക്ക് തെറ്റിയാൽ പോലും 50 മീറ്ററിലധികം ദൂരം മുന്നോട്ട് നീങ്ങുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനത്തിനുള്ളിൽ ഒന്നിലധികം സ്ക്രീനുകൾ ഘടിപ്പിക്കുന്നത് കാഴ്ച മറയ്ക്കാനും ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനും ഇടയാക്കുമെന്നും, ഇത് നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

