തിരുവനന്തപുരം: തനിക്കെതിരേയും സർക്കാരിനെതിരേയും വ്യാജ വാർത്താ കാർഡുകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നിൽ പ്രമുഖ നേതാവുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരേ കേന്ദ്രത്തിൽനിന്നാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിലാണ് ഇതിന് പിന്നിലെ പ്രവർത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് ക്ഷേമപെൻഷൻ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചെന്ന തരത്തിൽ വ്യാജ വാർത്താ കാർഡ് പ്രചരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ഡി. സതീശനെ മാവേലിത്തമ്പുരാനായി വിശേഷിപ്പിക്കുന്ന തരത്തിലുള്ള കാർഡുകളും പ്രചരിക്കുന്നുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേരിലും വ്യാജ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചാണ് ഇത്തരം വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്നത്. മാധ്യമസ്ഥാപനങ്ങളുടെ പേരിൽ വ്യാജ വാർത്തകൾ നിർമിക്കുന്നവർക്കെതിരേ ബന്ധപ്പെട്ട മാധ്യമങ്ങൾ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾ താൻ ഏറെ നേരിട്ടിട്ടുണ്ടെന്നും ഇപ്പോൾ ഇത്തരം പ്രചാരണങ്ങൾ തന്നെ കാര്യമായി ബാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തിൽ വ്യാജ വാർത്തകൾ കാണുമ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോൾ അത് ആസ്വദിക്കുകയാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും നേതാക്കൾ തമ്മിലുള്ള പരസ്യവിമർശനങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ പാർട്ടിയിലെ സംഘടനാപരമായ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഇത്തരം കാര്യങ്ങൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വ്യാജവും മോർഫ് ചെയ്തതുമായ ഉള്ളടക്കങ്ങൾക്കെതിരേ സംസ്ഥാനത്ത് നടപടി തുടരുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. 4,201 പരാതികൾ ലഭിച്ചതിൽ 3,472 എണ്ണത്തിൽ നിയമനടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.

