ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ യുഎസ്; ചൈനയ്ക്ക് 20 ശതമാനം വരെ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 14 പ്രധാന വ്യാപാര പങ്കാളികളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും വിദേശരാജ്യങ്ങളിൽനിന്നുള്ള അമിത ഉൽപാദനം നിയന്ത്രിക്കുന്നതിനുമാണ് നടപടിയെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് (USTR) വ്യക്തമാക്കുന്നത്. എട്ടുമാസം നീണ്ട അന്വേഷണത്തിനുശേഷമാണ് പുതിയ തീരുവ നിർദേശങ്ങൾ പ്രഖ്യാപിച്ചത്.

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, കംബോഡിയ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളെയാണ് പുതിയ നിർദേശം ബാധിക്കുക. മെക്സിക്കോയെയും നോർവേയെയും സംബന്ധിച്ച അന്വേഷണം തുടരുന്നതിനാൽ ഇപ്പോൾ ഈ രാജ്യങ്ങൾക്കായി തീരുവ നിർദേശിച്ചിട്ടില്ല.

ചൈനയിൽനിന്നുള്ള ചില ഉൽപന്നങ്ങൾക്ക് 20 ശതമാനം വരെയും വിയറ്റ്നാമിൽനിന്നുള്ളവയ്ക്ക് 35 ശതമാനം വരെയും തീരുവയാണ് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം വരെയും യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ എന്നിവിടങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 15 ശതമാനവുമാണ് നിർദേശിച്ചിട്ടുള്ളത്. ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവയ്ക്ക് 18 ശതമാനം വരെയും സിംഗപ്പൂരിന് 20 ശതമാനം വരെയും തീരുവ നിർദേശിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങൾ സർക്കാർ സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നൽകി അമിതമായി ഉൽപാദനം നടത്തുകയും കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ എത്തിക്കുകയും ചെയ്യുന്നതിലൂടെ അമേരിക്കൻ കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. സ്റ്റീൽ, അലുമിനിയം, ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ അമിത ഉൽപാദനമാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിച്ചത്.

1974ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരമാണ് അന്വേഷണം നടത്തിയത്. വിദേശരാജ്യങ്ങളുടെ വ്യാപാരനയങ്ങൾ അമേരിക്കൻ വ്യാപാര താത്പര്യങ്ങൾക്ക് ദോഷകരമാണെന്ന് കണ്ടെത്തിയാൽ അധിക തീരുവ ഏർപ്പെടുത്താൻ ഈ നിയമം യുഎസ് ഭരണകൂടത്തിന് അധികാരം നൽകുന്നു.

അതേസമയം, പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. ജനുവരി 5, 2027 വരെ പൊതുജനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നിർദേശങ്ങളിൽ അഭിപ്രായം അറിയിക്കാം. ജനുവരി 25ന് പൊതുഹിയറിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തുടർന്നുള്ള നടപടികൾക്കുശേഷമായിരിക്കും അന്തിമ തീരുമാനം. അതിനാൽ തീരുവകൾ പ്രാബല്യത്തിൽ വരുന്നത് 2027ലായിരിക്കുമെന്നാണ് നിലവിലെ സൂചന.

ഇന്ത്യയുമായി വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനാൽ നിർദേശിച്ച 25 ശതമാനം തീരുവ 17 ശതമാനമായി കുറയാനുള്ള സാധ്യതയുമുണ്ട്. സിംഗപ്പൂരിന്റെ കാര്യത്തിൽ 20 ശതമാനം 10 ശതമാനമായും വിയറ്റ്നാമിന്റെ കാര്യത്തിൽ 35 ശതമാനം 20 ശതമാനമായും കുറയ്ക്കാൻ വ്യാപാര ധാരണകൾ സഹായിച്ചേക്കും.

അമേരിക്കയുടെ പുതിയ നീക്കം ആഗോള വ്യാപാരബന്ധങ്ങളിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ചൈനയുമായുള്ള വ്യാപാര ഉടമ്പടി 2027 ജനുവരി 10ന് അവസാനിക്കാനിരിക്കെ പുതിയ തീരുവ നിർദേശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിലും നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *