അഞ്ചു പതിറ്റാണ്ടോളം രാജ്യം ഭരിച്ചവർ ഭരണഘടനയെ ദുർബലപ്പെടുത്തി; കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അഞ്ചു പതിറ്റാണ്ടോളം ഇന്ത്യ ഭരിക്കാൻ അവസരം ലഭിച്ചവർ തന്നെ ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നവർ ചരിത്രത്തിൽ പല ഘട്ടങ്ങളിലും അതിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോൺഗ്രസിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ വിമർശനം.

1951ലെ ഒന്നാം ഭരണഘടനാ ഭേദഗതിയെയും അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 42-ാം ഭേദഗതിയെയും മോദി വിമർശിച്ചു. ഒന്നാം ഭേദഗതിയിലൂടെ മൗലിക സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നും ആദ്യ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൊണ്ടുവന്ന ഭേദഗതിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുകയും സർക്കാരിനെതിരായ വിമർശനങ്ങളെ തടയുകയുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 42-ാം ഭേദഗതി ജുഡീഷ്യൽ പരിശോധനയ്ക്കുള്ള അധികാരം പരിമിതപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്തതായി മോദി ചൂണ്ടിക്കാട്ടി. അധികാരമോഹവും ഭരണഘടനാ വിരുദ്ധവുമായ നേതൃത്വത്തിന്റെ നടപടികൾ മനസിലാക്കാൻ 38, 39 ഭരണഘടനാ ഭേദഗതികളും പരിശോധിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ഭരണഘടനയുടെ 356-ാം അനുച്ഛേദം ആവർത്തിച്ച് ദുരുപയോഗം ചെയ്തതായും പ്രധാനമന്ത്രി ആരോപിച്ചു. ഒരു പാർട്ടി നൂറിനടുത്ത് തവണ ഈ അധികാരം പ്രയോഗിച്ചിട്ടുണ്ടെന്നും ഒരു മുൻ പ്രധാനമന്ത്രി മാത്രം 50 തവണ ഇതിന് നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ 70 വർഷത്തിലേറെക്കാലം 370, 35എ അനുച്ഛേദങ്ങൾ നിലനിന്നിരുന്നതിനാൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ പൂർണമായി ലഭിച്ചില്ലെന്നും 2019ൽ ഈ ചരിത്രപരമായ തെറ്റ് തിരുത്തിയെന്നും മോദി അവകാശപ്പെട്ടു.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി ഒബിസി സംവരണം കുറയ്ക്കാനും മുസ്ലിം സംവരണം കൊണ്ടുവരാനും ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭരണഘടനാ നിർമാണ സഭയിലെ പ്രമുഖനായ ഡോ. ബി.ആർ. അംബേദ്കർ ഇത്തരം നീക്കങ്ങളെ എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് നിയമനിർമാണ സഭകളിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നിയമനിർമാണ നീക്കം പ്രതിപക്ഷ പാർട്ടി തടഞ്ഞതായും മോദി ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അവഗണനയാണ് ഇതിലൂടെ പ്രകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഭരണഘടനയുടെ പ്രാധാന്യം പാർലമെന്റിന്റെയും കോടതികളുടെയും പരിധിക്കപ്പുറം ജനങ്ങളിലേക്കും പ്രത്യേകിച്ച് യുവാക്കളിലേക്കും എത്തിക്കേണ്ടതുണ്ടെന്ന് ലേഖനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 2015 മുതൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത്, മുദ്ര, പി.എം. സ്വനിധി തുടങ്ങിയ പദ്ധതികൾ ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹികവും സാമ്പത്തികവുമായ നീതി നടപ്പാക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയ 101-ാം ഭേദഗതി, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മിഷന് ഭരണഘടനാ പദവി നൽകിയ 102-ാം ഭേദഗതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഉറപ്പാക്കിയ 103-ാം ഭേദഗതി എന്നിവയും ഭരണഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികളായി അദ്ദേഹം വിലയിരുത്തി.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പുതുക്കിയ പതിപ്പ് ലഭ്യമാക്കിയതും പൗരന്മാരുടെ കടമകൾക്ക് പ്രാധാന്യം നൽകുന്നതും ഭരണഘടനയോടുള്ള ജനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്ന നടപടികളാണെന്ന് മോദി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഭരണഘടനാ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ പ്രധാന പ്രതിപക്ഷ പാർട്ടി ഇപ്പോൾ ക്രിയാത്മകമായ പ്രതിപക്ഷമെന്നതിനു പകരം തടസ്സങ്ങൾ സൃഷ്ടിക്കുന്ന വിഭാഗമായി മാറിയെന്നും മോദി വിമർശിച്ചു. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ‘ഇന്ത്യ ആദ്യം’ എന്ന ചിന്തയും പൗരന്മാരുടെ കടമകൾക്ക് പ്രാധാന്യം നൽകുന്ന സമീപനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *