ഒറ്റ മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ പെരുമഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളക്കെട്ടിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഒരു മണിക്കൂറോളം നീണ്ടുനിന്ന തീവ്രമായ മഴയിൽ തലസ്ഥാന നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. കിഴക്കേക്കോട്ടയിൽ മാത്രം ഒറ്റ മണിക്കൂറിനുള്ളിൽ 91 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുലാവർഷക്കാലത്ത് സാധാരണയായി ഉണ്ടാകാറുള്ള അതിതീവ്ര പ്രാദേശിക മഴയാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) യെലോ അലർട്ട് പ്രഖ്യാപിച്ചു.

രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് നഗരത്തിൽ പേമാരി പെയ്തത്. വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതായതോടെ തമ്പാനൂരിലെ പ്രധാന പാതകളെല്ലാം വെള്ളത്തിൽ മുങ്ങി. റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും മുന്നിലുള്ള റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് യാത്രക്കാരും പ്രദേശവാസികളും കടുത്ത ദുരിതത്തിലായി. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഇതിനുപുറമെ, ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തിയത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.

Leave a Reply

Your email address will not be published. Required fields are marked *