തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്വർണക്കാണിക്ക; 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ വ്യവസായി

തിരുപ്പതി: തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത സ്വർണക്കാണിക്ക സമർപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി വർധമാൻ ജെയിൻ ആണ് 121 കിലോഗ്രാം തൂക്കമുള്ള 45 സ്വർണാഭരണങ്ങൾ ഭഗവാൻ വെങ്കിടേശ്വരന് കാണിക്കയായി അർപ്പിച്ചത്. ഏകദേശം 160 കോടി രൂപയിലധികം മൂല്യം വരുന്ന ഈ ആഭരണങ്ങൾ നവംബർ 26-ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) കൈമാറി. ഒരൊറ്റ വ്യക്തിയിൽ നിന്നും തിരുമല ക്ഷേത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വർണസമർപ്പണമാണിതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഒൻപത് സെറ്റുകളായാണ് ഈ ആഭരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിലും ഉത്സവവേളകളിൽ എഴുന്നള്ളിക്കുന്ന വിഗ്രഹങ്ങളിലും അണിയിക്കാൻ പാകത്തിലാണ് ഇവയുടെ നിർമ്മാണം. ഭഗവാന്റെ കിരീടം, അരപ്പട്ട, തോളാഭരണങ്ങൾ, ശംഖ്, ചക്രം എന്നിവയുടെ രൂപത്തിലുള്ള ആഭരണങ്ങൾ, കൈകളിൽ അണിയിക്കുന്ന പ്രത്യേക അലങ്കാരങ്ങൾ, താമരപ്പാദ രൂപത്തിലുള്ള ആഭരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ക്ഷേത്രാചാരങ്ങളും ആഗമശാസ്ത്ര വിധികളും കൃത്യമായി പാലിച്ചുകൊണ്ട് ചെന്നൈയിലെ ഒരു ജ്വല്ലറിയിൽ ഏകദേശം 15 മാസമെടുത്താണ് ഇവ പണികഴിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കാണിക്ക കൈമാറുന്നതിനായി തിരുമലയിലെ രംഗനായകുല മണ്ഡപത്തിൽ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു. ക്ഷേത്രത്തിലെ നിത്യപൂജകൾക്കും വിശേഷാൽ ചടങ്ങുകൾക്കുമായി ഈ ആഭരണങ്ങൾ ഉപയോഗിക്കാനാണ് ദേവസ്ഥാനത്തിന്റെ തീരുമാനം. സ്വർണത്തിന്റെ നിലവിലെ വിപണിവില കണക്കാക്കുമ്പോൾ ഈ ആഭരണങ്ങൾക്ക് 206 കോടി രൂപ വരെ മൂല്യമുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വലിയ സമർപ്പണത്തിന് പിന്നിലെ ഭക്തന്റെ ജീവിതകഥയും ഏറെ ശ്രദ്ധേയമാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ വെളിപ്പെടുത്തിയതനുസരിച്ച്, ഭഗവാൻ വെങ്കിടേശ്വരന്റെ നാമത്തിൽ ഒരു വ്യവസായ സംരംഭം ആരംഭിച്ച വർധമാൻ ജെയിൻ പിന്നീട് വലിയ ബിസിനസ് വിജയം കൈവരിക്കുകയായിരുന്നു. തന്റെ കമ്പനിയുടെ 60 ശതമാനം ഓഹരികൾ ഏകദേശം 1.5 ബില്യൺ ഡോളറിന് വിറ്റഴിച്ചതിന് പിന്നാലെ, ആ സമ്പത്തിന്റെ ഒരു വിഹിതം ഭഗവാന് സമർപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ വളർച്ചയ്ക്ക് പിന്നിൽ ദൈവാനുഗ്രഹമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം ഈ നേർച്ച പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിരുമല ക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കകളുടെ ചരിത്രത്തിൽ പുതിയൊരു റെക്കോർഡാണ് ഈ സമർപ്പണത്തിലൂടെ കുറിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *