ഓൺലൈൻ വസ്ത്രവിപണിയിലെ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു; വ്യാജ ഓഫറുകളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: ഓൺലൈൻ വസ്ത്രവ്യാപാര മേഖല അതിവേഗം വളരുന്നതിനൊപ്പം ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള സൈബർ തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമാകുന്നു. കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ, വമ്പിച്ച ഡിസ്‌കൗണ്ടുകൾ, പുത്തൻ ഫാഷൻ ട്രെൻഡുകൾ എന്നിവ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയുമാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നാണ് സൂചന.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളിലൂടെയാണ് പല തട്ടിപ്പുകളുടെയും തുടക്കം. പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെയും അംഗീകൃത കടകളുടെയും പേരും ചിത്രങ്ങളും ഉപയോഗിച്ച് അവയുടെ തനിപ്പകർപ്പായ വ്യാജ പേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ വസ്ത്രങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിച്ച ശേഷം, ഓഫർ പരിമിത സമയത്തേക്ക് മാത്രമാണെന്നും ഉടൻ ഓർഡർ ചെയ്യണമെന്നും വിശ്വസിപ്പിച്ച് വേഗത്തിൽ പണം കൈക്കലാക്കുകയാണ് ഇവരുടെ രീതി.

പണം നൽകി ഓർഡർ ചെയ്ത ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പലരും തിരിച്ചറിയുന്നത്. ഇനി ഉൽപന്നങ്ങൾ ലഭിച്ചാൽ തന്നെയും അവ തീരെ നിലവാരമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയിരിക്കും. ഓർഡർ ചെയ്ത വസ്ത്രത്തിന് പകരം മറ്റൊന്ന് അയച്ചു നൽകുക, അളവിലും നിറത്തിലും വ്യത്യാസമുള്ള ഉൽപന്നങ്ങൾ എത്തിക്കുക തുടങ്ങിയ പരാതികളും വ്യാപകമായി ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *