ബ്രിസ്ബേൻ: വടക്കൻ ബ്രിസ്ബേനിലെ അനധികൃത ആയുധക്കടത്തും ലഹരിമരുന്ന് മാഫിയയെയും ലക്ഷ്യമിട്ട് ക്വീൻസ്ലാൻഡ് പോലീസ് നടത്തിവന്ന ഒമ്പത് മാസം നീണ്ട പ്രത്യേക പരിശോധനയ്ക്ക് സമാപനമായി. ‘ഓപ്പറേഷൻ യാങ്കി ഡ്രാഗണൈറ്റ്’ എന്ന പേരിൽ 2026 ഫെബ്രുവരിയിൽ ആരംഭിച്ച ഈ ദൗത്യത്തിലൂടെ വൻതോതിലുള്ള ആയുധങ്ങളും ലഹരിമരുന്നും പണവുമാണ് പോലീസ് പിടിച്ചെടുത്തത്. 487 കുറ്റകൃത്യങ്ങളിലായി 44 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നടപടിയുടെ ഭാഗമായി 43 തോക്കുകളും 500 തിരകളും പോലീസ് കണ്ടെടുത്തു. ഇതിനുപുറമെ 1.37 ദശലക്ഷം ഡോളർ വിലമതിക്കുന്ന അനധികൃത ലഹരിമരുന്നുകളും 1,40,000 ഡോളർ പണവും പിടിച്ചെടുത്തിട്ടുണ്ട്. ഒരു രഹസ്യ ലഹരിമരുന്ന് നിർമ്മാണശാലയും രണ്ട് 3ഡി പ്രിന്ററുകളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
മെത്താംഫെറ്റാമൈൻ, ഹെറോയിൻ, കൊക്കെയ്ൻ, കെറ്റാമൈൻ, കഞ്ചാവ്, 1,200 എം.ഡി.എം.എ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്ത ലഹരിമരുന്നുകൾ. കുറ്റകൃത്യങ്ങൾ തടയുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ക്വീൻസ്ലാൻഡ് പോലീസ് നടത്തുന്ന തുടർച്ചയായ ഇടപെടലുകൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അതേസമയം, ശിക്ഷിക്കപ്പെടുന്ന ലഹരിക്കടത്തുകാർക്കും ഗുരുതരമായ അനധികൃത ആയുധക്കടത്ത് കേസുകളിലെ പ്രതികൾക്കും കൂടുതൽ കഠിനമായ തടവുശിക്ഷ നൽകണമോ എന്നും, കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുക്കളും നിർബന്ധമായും കണ്ടുകെട്ടണമോ എന്നുമുള്ള ചർച്ചകളും ഇതോടെ ശക്തമായിട്ടുണ്ട്.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

