മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിൽ ആദ്യത്തെ ഹിന്ദു ഗ്രാമർ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന പ്രതിപക്ഷ മുന്നണിയുടെ (കൊയലിഷൻ) തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ ഓസ്ട്രേലിയൻ ഹിന്ദു ടെമ്പിൾസ് കൗൺസിൽ (എ.എച്ച്.ടി.സി) സ്വാഗതം ചെയ്തു. മെൽബണിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള മൗണ്ട് കോട്രെൽ , ഡീൻസൈഡ് എന്നീ സ്ഥലങ്ങളാണ് സ്കൂളിനായി പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പിൽ ജെസ് വിൽസണിന്റെ നേതൃത്വത്തിലുള്ള ലിബറൽ-നാഷണൽസ് സഖ്യം അധികാരത്തിലെത്തിയാൽ സ്കൂളിന്റെ സാധ്യതാപഠനത്തിനും (Feasibility Study) മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും പിന്തുണ നൽകുമെന്ന് ലിബറൽ എം.പിയും ഷാഡോ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രാഡ് റോസ്വെൽ കൗൺസിലിനയച്ച കത്തിൽ വ്യക്തമാക്കി. സ്കൂളിന്റെ ആവശ്യകത വിലയിരുത്തുക, നിർദ്ദിഷ്ട രണ്ട് സ്ഥലങ്ങളും താരതമ്യം ചെയ്യുക, നിർമ്മാണത്തിനും നടത്തിപ്പിനും വേണ്ടിവരുന്ന ചെലവ് തിട്ടപ്പെടുത്തുക എന്നിവയാണ് സാധ്യതാപഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
വിക്ടോറിയൻ പാഠ്യപദ്ധതിക്കൊപ്പം ഹിന്ദു മൂല്യങ്ങളും സംസ്കാരവും പാരമ്പര്യവും ഭാഷകളും കുട്ടികൾക്ക് പകർന്നുനൽകുന്ന വിദ്യാഭ്യാസ രീതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യത്തിന് ലഭിച്ച ഈ അംഗീകാരം സമൂഹത്തിന് അഭിമാനകരവും വൈകാരികവുമായ നിമിഷമാണെന്ന് കൗൺസിൽ പ്രതികരിച്ചു.
പിന്തുണ പ്രഖ്യാപിച്ച ജെസ് വിൽസൺ, ബ്രാഡ് റോസ്വെൽ, ഇവാൻ മൾഹോളണ്ട്, റൊഷീന കാംബെൽ എന്നിവർക്ക് കൗൺസിൽ കത്തിലൂടെ നന്ദി അറിയിച്ചു. നിർദ്ദിഷ്ട സ്ഥലങ്ങളിലൊന്ന് നേരിട്ട് സന്ദർശിച്ച് സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേട്ട ബ്രാഡ് റോസ്വെലിനെ കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു.
പരിഗണനയിലുള്ള സ്ഥലങ്ങളിൽ ഒന്നിൽ ഇതിനോടകം ഭൂമി വാഗ്ദാനം ലഭിച്ചിട്ടുണ്ട്. മൗണ്ട് കോട്രെലിലെ സ്വാമിനാരായൺ ക്ഷേത്ര സമുച്ചയം സ്കൂളിനായി 10 ഏക്കർ സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ചതായി ഇസ്കോൺ (ISKCON) പ്രതിനിധി ഭക്ത ദാസ വ്യക്തമാക്കി. ഡീൻസൈഡാണ് മറ്റൊരു സാധ്യതയെന്നും, ആസൂത്രണ പ്രക്രിയയിലൂടെയാകും അന്തിമമായി സ്ഥലം തിരഞ്ഞെടുക്കുകയെന്നും ബ്രാഡ് റോസ്വെലിന്റെ കത്തിൽ പറയുന്നു.
പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയായിരിക്കും സ്കൂൾ തുറക്കുമ്പോൾ ആവശ്യമായ സ്ഥലസൗകര്യങ്ങളും ഭാവിയിലെ വിപുലീകരണവും തീരുമാനിക്കുക. ഭൂമി, കെട്ടിടങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള മൂലധനച്ചെലവ് എങ്ങനെ കണ്ടെത്തുമെന്നും, സ്കൂളിന്റെ ദൈനംദിന നടത്തിപ്പ് ചെലവുകൾ എങ്ങനെ നിർവഹിക്കുമെന്നും സാധ്യതാപഠനത്തിൽ പരിശോധിക്കും. ആദ്യഘട്ടത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളും പിന്നീട് കൂട്ടിച്ചേർക്കേണ്ടവയും ഏതൊക്കെയെന്ന് മാസ്റ്റർപ്ലാനിൽ വ്യക്തമാക്കും.
കുട്ടികളുടെ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ‘വിക്ടോറിയൻ രജിസ്ട്രേഷൻ ആൻഡ് ക്വാളിഫിക്കേഷൻസ് അതോറിറ്റി’യുടെ (VRQA) മാനദണ്ഡങ്ങൾ പാലിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിർദ്ദിഷ്ട സാധ്യതാപഠനത്തിന്റെ ഭാഗമായിരിക്കും.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

