സവർക്കറെ അപമാനിച്ചെന്ന് ആരോപണം; പാലക്കാട് ഡി.ഡി.ഇ. ഓഫീസിലേക്ക് എ.ബി.വി.പി. നടത്തിയ മാർച്ചിൽ സംഘർഷം

പാലക്കാട്: വി.ഡി. സവർക്കറെ അപമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.ബി.വി.പി. പ്രവർത്തകർ പാലക്കാട് ഡി.ഡി.ഇ. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ കാലം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണെന്ന ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എ.ബി.വി.പി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അതുൽ ദാസ് പറഞ്ഞു. പാണക്കാട് നിന്ന് പറയുന്നതല്ല പഠിപ്പിക്കേണ്ടതെന്നും വി.ഡി. സവർക്കറെ അപമാനിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ സ്വന്തം ജീവനും ജീവിതവും ബലിയർപ്പിച്ച വീരസവർക്കർ നാടിന് നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡി.ഡി.ഇ. ഓഫീസിലേക്കാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. പ്രധാന കവാടത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് നിരത്തി മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർന്ന് മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തുടർന്ന് എ.ബി.വി.പി. ജില്ലാ സെക്രട്ടറി എച്ച്. ഗോകുൽകുമാർ, സംസ്ഥാന പ്രവർത്തക സമിതി അംഗം വരുൺ, സംഘടനാ സെക്രട്ടറി അശ്വിൻ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *