കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ (ഗുണ്ടാ നിയമം) ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടും ശുപാർശയും പരിഗണിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അർജുൻ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവിട്ടു.

