നഗോയ: ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണം. പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്ത് ഉത്തരകൊറിയയുടെ ചോങ് സോങ് ഹാനെ 11–7ന് തോൽപ്പിച്ച് സ്വർണം നേടി. അവസാന നിമിഷങ്ങളിൽ മികച്ച തിരിച്ചുവരവ് നടത്തിയാണ് അമൻ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ അമൻ മുന്നിലായിരുന്നെങ്കിലും അവസാന മിനിറ്റിൽ ഉത്തരകൊറിയൻ താരം ലീഡ് നേടിയിരുന്നു. എന്നാൽ അവസാന 30 സെക്കൻഡിൽ നിർണായക പോയിന്റുകൾ സ്വന്തമാക്കി അമൻ 11–7ന് മത്സരം കൈവശപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ കസാഖിസ്ഥാന്റെ നുർദനാത് ഐതനോവിനെതിരെയും സെമിഫൈനലിൽ താജിക്കിസ്ഥാന്റെ അയ്യാൽ ബെലോല്യൂബ്സ്കിയിനെതിരെയും അമൻ മികച്ച പ്രകടനം നടത്തിയിരുന്നു. സെമിയിൽ 2–6ന് പിന്നിലായ ശേഷം 14–8നാണ് അമൻ ജയിച്ച് ഫൈനലിലെത്തിയത്.
2023ലെ ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇതേ വിഭാഗത്തിൽ അമൻ വെങ്കലം നേടിയിരുന്നു. 2024ലെ പാരിസ് ഒളിംപിക്സിലും 57 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ താരമാണ് 23കാരനായ അമൻ.

