ഡേകെയർ സെന്ററിലെ പിഞ്ചുകുഞ്ഞിന്റെ മരണം ; കുറ്റം സമ്മതിച്ച് സ്ഥാപനം

ഡാർവിൻ: ഡാർവിനിൽ 2023-ൽ 22 മാസം പ്രായമുള്ള എബോണി തോംസൺ എന്ന പിഞ്ചുകുഞ്ഞ് ഡേകെയർ സെന്ററിൽ മരിച്ച സംഭവത്തിൽ മാനേജ്‌മെന്റ് കുറ്റം സമ്മതിച്ചു. ശരിയായ നിരീക്ഷണമുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്ന് കൊറോണിയൽ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, ഡാർവിൻ ലോക്കൽ കോടതിയിലാണ് ‘ഹംപ്റ്റി ഡൂ കമ്മ്യൂണിറ്റി & ചൈൽഡ് കെയർ സെന്റർ’തങ്ങളുടെ വീഴ്ച സമ്മതിച്ചത്. സെന്ററിനെ പ്രതിനിധീകരിച്ച് കമ്മിറ്റി വൈസ് പ്രസിഡന്റ് നാദിയ ബ്രൂക്കറാണ് കുട്ടികൾക്ക് മതിയായ നിരീക്ഷണം നൽകാതിരിക്കൽ, അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടൽ എന്നീ രണ്ട് പ്രധാന കുറ്റങ്ങൾ സമ്മതിച്ചത്.

കളിസ്ഥലത്തെ ഒരു വേലിയിൽ കഴുത്ത് കുടുങ്ങിയ നിലയിൽ അബോധാവസ്ഥയിലാണ് എബോണിയെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തുന്നതിന് മുൻപുള്ള ഏകദേശം പത്ത് മിനിറ്റോളം സമയം കുട്ടി എവിടെയാണെന്ന് ആർക്കും വിവരമില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ പ്രദേശം ജീവനക്കാരുടെ നിരീക്ഷണ പരിധിയിൽ വരാത്ത ഒരു ‘ബ്ലൈൻഡ് സ്പോട്ട്’ ആയിരുന്നു. കുട്ടികളെ അകത്തേക്ക് കയറ്റിയ ശേഷം മുറ്റത്ത് പരിശോധന നടത്താൻ ജീവനക്കാർ തയ്യാറായില്ലെന്നും ഇത്തരത്തിൽ പരിശോധന ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗരേഖകൾ സ്ഥാപനത്തിന് ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, ഈ ബ്ലൈൻഡ് സ്പോട്ട് ഉണ്ടാക്കിയ കളിസ്ഥലത്തെ മാറ്റങ്ങളെക്കുറിച്ച് റെഗുലേറ്ററെ അറിയിക്കുന്നതിലും അധികൃതർ പരാജയപ്പെട്ടു.

2019-നും 2023-നും ഇടയിൽ കുട്ടികളുടെ മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയ നാല് സംഭവങ്ങൾ ഈ സെന്ററിൽ മുൻപും നടന്നിരുന്നതായി കോടതിയിൽ വെളിപ്പെട്ടു. കുട്ടികളുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിൽ സ്ഥാപനത്തിലെ നോമിനേറ്റഡ് സൂപ്പർവൈസർ കാസാൻഡ്ര ഹാരിസും കുറ്റം സമ്മതിച്ചു. എന്നാൽ സംഭവദിവസം ഇവർ ഡ്യൂട്ടിയിലോ സ്ഥാപനത്തിലോ ഉണ്ടായിരുന്നില്ല. അതേസമയം, അധ്യാപിക ഗുർമീത് കൗറിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി. ഡയറക്ടർ റേച്ചൽ മാർഷ് തനിക്കെതിരെയുള്ള സമാന കുറ്റങ്ങൾ നിയമപരമായി നേരിടുമെന്നാണ് സൂചന.

നിരീക്ഷണത്തിലും നിയന്ത്രണങ്ങളിലും ഉണ്ടായ ഗുരുതരമായ ഘടനാപരമായ പരാജയമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെത്തുടർന്ന് സ്ഥാപനത്തിൽ 24 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കുട്ടികളുടെ എണ്ണം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്ക് തടവുശിക്ഷയ്ക്ക് പകരം പിഴ ചുമത്താനാണ് സാധ്യതയെന്ന് കോടതി സൂചിപ്പിച്ചു. കേസിൽ അടുത്ത മാസം വിധി പ്രസ്താവിക്കും.

Leave a Reply

Your email address will not be published. Required fields are marked *