പ്രതിപക്ഷ ഉപനേതാവ് സിപിഎമ്മിൽനിന്ന് തന്നെ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സിപിഎമ്മിൽനിന്നായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വ്യക്തമാക്കി. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി നിർദേശിക്കുക സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ മൂന്ന് മാസമായി തർക്കം തുടരുകയാണ്. പദവി സിപിഐക്ക് നൽകണമെന്ന ആവശ്യത്തോട് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം, പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് സിപിഐയുടെ നിലപാട്. മുന്നണിയിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന വാദവും സിപിഐ ഉയർത്തുന്നുണ്ട്.

പ്രശ്നത്തിൽ സമവായത്തിനായി എൽഡിഎഫ് കൺവീനർ എം.എൻ. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സിപിഐ നിലപാടിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിൽ വിഷയം മാറ്റിവച്ചെങ്കിലും പ്രതിപക്ഷ ഉപനേതാവ് പദവിയെക്കുറിച്ച് ചർച്ച നടന്നില്ല. മുന്നണി മര്യാദ പാലിച്ചാണ് യോഗത്തിൽ വിഷയം ഉന്നയിക്കാതിരുന്നതെന്നാണ് സിപിഐയുടെ വിശദീകരണം.

സിപിഐയുടെ ആവശ്യം പിണറായി വിജയൻ വീണ്ടും പരസ്യമായി തള്ളിയതിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ.

Leave a Reply

Your email address will not be published. Required fields are marked *