കക്ഷിരാഷ്ട്രീയത്തിനതീതമായി ഓസ്‌ട്രേലിയൻ പാർലമെന്റിൽ ദീപാവലി ആഘോഷം; പങ്കെടുത്ത് പ്രമുഖ നേതാക്കളും നയതന്ത്ര പ്രതിനിധികളും

കാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ഒത്തുചേർന്ന് ദീപാവലി ആഘോഷിച്ചു. ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സംസ്കൃത ശ്ലോകങ്ങളുടെ അകമ്പടിയോടെ ഹിന്ദു പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന വിവിധ പരിപാടികൾ അരങ്ങേറി.

ജനപ്രതിനിധി സഭാ സ്പീക്കർ മിൽട്ടൺ ഡിക്ക് എം.പി, അറ്റോർണി ജനറൽ മിഷേൽ റൗലൻഡ്, ധനമന്ത്രി കാറ്റി ഗല്ലഗർ, ക്യാബിനറ്റ് സെക്രട്ടറിയും ശാസ്ത്ര-സാങ്കേതിക-ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ സഹമന്ത്രിയുമായ ഡോ. ആൻഡ്രൂ ചാൾട്ടൺ എം.പി, ചെറുകിട വ്യവസായ-അന്താരാഷ്ട്ര വികസന-ബഹുസ്വര സാംസ്കാരിക കാര്യ മന്ത്രി ഡോ. ആൻ അലി, പൗരത്വ-കസ്റ്റംസ്-ബഹുസ്വര സാംസ്കാരിക കാര്യ സഹമന്ത്രി ജൂലിയൻ ഹിൽ എം.പി, ഷാഡോ പൗരത്വ-ബഹുസ്വര സാംസ്കാരിക കാര്യ സഹമന്ത്രി സെനറ്റർ ഡേവ് ശർമ്മ, ഷാഡോ വിദേശകാര്യ മന്ത്രി ടെഡ് ഒബ്രിയാൻ, ഉൽപ്പാദനക്ഷമതാ സഹമന്ത്രി ഡോ. ആൻഡ്രൂ ലീ എം.പി, ഗവൺമെന്റ് വിപ്പ് ഡേവിഡ് സ്മിത്ത്, സെനറ്റർ ഡേവിഡ് പീകോക്ക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവർക്ക് പുറമെ മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ സ്മൃതി ഇറാനി, ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നാഗേഷ് സിംഗ്, മൗറീഷ്യസ് ഹൈക്കമ്മീഷണർ സരോജിനി സീനിവാസൻ തുടങ്ങിയ പ്രമുഖരും ആഘോഷങ്ങളിൽ പങ്കാളികളായി. സമ്പദ്‌വ്യവസ്ഥ, സമൂഹം, സംസ്കാരം തുടങ്ങി ദേശീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിർണ്ണായക സംഭാവനകൾ നൽകുന്ന പത്തുലക്ഷത്തോളം വരുന്ന ഹിന്ദു സമൂഹത്തെ ലഭിച്ചതിൽ ഓസ്‌ട്രേലിയ ഭാഗ്യമുള്ള രാജ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ഡോ. ആൻഡ്രൂ ചാൾട്ടൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *