ബാഗ്ദാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈനുനേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളുടെ ഉറവിടം ഇറാഖ് മണ്ണിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക ഓപ്പറേഷൻസ് കമാൻഡറെ പുറത്താക്കി ഇറാഖ്. പ്രധാനമന്ത്രി അലി അൽ സൈദിയുടെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇറാഖ് സർക്കാർ അറിയിച്ചു.
സൗദിയുടെ കിഴക്ക്-പടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈനാണ് ഡ്രോൺ ആക്രമണത്തിൽ ലക്ഷ്യമിട്ടത്. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിൽ ആക്രമണത്തെ തുടർന്ന് നാശനഷ്ടങ്ങളും ആളുകൾക്ക് പരുക്കുകളും റിപ്പോർട്ട് ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്‌ലൈനിന്റെ പ്രവർത്തനം സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചു.
ആക്രമണങ്ങൾ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽനിന്നാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഇറാഖ് സർക്കാർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.
സംഭവത്തെ തുടർന്ന് ഇറാഖ് സർക്കാർ ആക്രമണത്തെ അപലപിച്ചു. ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന പരിഗണിച്ച് തൽക്കാലം തിരിച്ചടി ഒഴിവാക്കാൻ സൗദി തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സ്വന്തം സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം നിലനിർത്തുന്നതായി സൗദി വ്യക്തമാക്കി.

