അഡിലെയ്ഡ്: അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശനത്തിൽ വന്ന വൻ ഇടിവും തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ 55 വയസ്സിന് മുകളിലുള്ള ജീവനക്കാർക്കായി ഓസ്ട്രേലിയയിലെ അഡിലെയ്ഡ് സർവകലാശാല നേരത്തെയുള്ള വിരമിക്കൽ പദ്ധതി (Early Retirement Scheme) പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ 40 ശതമാനത്തിന്റെ കുറവാണ് സർവകലാശാലയിൽ രേഖപ്പെടുത്തിയത്. ഇത് സർവകലാശാലയ്ക്ക് ഏകദേശം 90 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 9 കോടി ഡോളർ) വൻ വരുമാനനഷ്ടം വരുത്തിവെക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ജീവനക്കാരുടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് 55 വയസ്സ് പൂർത്തിയായവർക്കായി ഈ സ്വമേധയാ വിരമിക്കൽ പാക്കേജ് മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, ജീവനക്കാരെ നിർബന്ധിതമായി പിരിച്ചുവിടുന്ന നടപടികൾ നിലവിൽ പരിഗണനയിലില്ലെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അർഹരായ ജീവനക്കാർക്ക് ഈ പദ്ധതിയിൽ താൽപര്യം അറിയിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27 ആണ്.

