ബെയ്ജിങ്: ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ സ്ഥാപകനും മുൻ ചെയർമാനുമായ ഹുയി കാ യാന് ജീവപര്യന്തം തടവുശിക്ഷ. സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം, നിയമവിരുദ്ധമായി പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കൽ, കൈക്കൂലി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഹുയിയുടെ മക്കൾ ഉൾപ്പെടെ എവർഗ്രാൻഡെയുമായി ബന്ധപ്പെട്ട 56 പേർക്കും 22 മാസം മുതൽ 18 വർഷം വരെ വിവിധ കാലയളവിലുള്ള തടവുശിക്ഷ ലഭിച്ചു. എവർഗ്രാൻഡെ ഗ്രൂപ്പിനും പ്രധാന റിയൽ എസ്റ്റേറ്റ് വിഭാഗമായ ഹെങ്ഡ റിയൽ എസ്റ്റേറ്റിനും വൻ പിഴയും ചുമത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1996ൽ ഹുയി സ്ഥാപിച്ച എവർഗ്രാൻഡെ അതിവേഗം വളർന്ന് ചൈനയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായി. റിയൽ എസ്റ്റേറ്റ് മേഖലയിലെ കടബാധ്യത നിയന്ത്രിക്കുന്നതിനായി ചൈനീസ് സർക്കാർ സ്വീകരിച്ച നടപടികൾക്കു പിന്നാലെ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 2021ൽ എവർഗ്രാൻഡെ കടബാധ്യതകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തി. പിന്നീട് കമ്പനി തകർച്ചയിലേക്ക് നീങ്ങുകയും ചെയ്തു.
2016നും 2021നും ഇടയിൽ കമ്പനിയുടെ വരുമാനവും ആസ്തിയും പെരുപ്പിച്ച് കാണിക്കുകയും ബാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 300 ബില്യൺ ഡോളറിലധികം ബാധ്യതയുണ്ടായിരുന്ന എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയെയും ബാധിച്ചു.
ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികളിലൊരാളായിരുന്ന ഹുയിയുടെ പതനം ചൈനയിലെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയുടെ ശ്രദ്ധേയമായ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.

