പാലക്കാട്: സപ്ലൈകോയ്ക്ക് നെല്ലളന്നു നൽകി നാലുമാസം പിന്നിട്ടിട്ടും അർഹമായ തുക പൂർണ്ണമായി ലഭിക്കാതെ കർഷകൻ പ്രതിസന്ധിയിൽ. പല്ലശ്ശന പഞ്ചായത്തിലെ കാക്കാട്ടുകുന്ന് പാടശേഖര സമിതിയിലെ കർഷകനായ കുനിശ്ശേരി അണുക്കുരുത്തി വീട്ടിൽ സി. രാമദാസിനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
സപ്ലൈകോയ്ക്ക് 3221 കിലോ നെല്ല് അളന്നു നൽകിയ രാമദാസിന് 97,117 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. 2026 മെയ് 18-ന് പച്ചച്ചീട്ട് ലഭിച്ചെങ്കിലും മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഓഗസ്റ്റ് ഒന്നാം തീയതിയാണ് അക്കൗണ്ടിൽ പണമെത്തിയത്. എന്നാൽ അക്കൗണ്ടിലെത്തിയ തുക പരിശോധിച്ചപ്പോഴാണ് 91,117 രൂപ മാത്രമാണ് വന്നതെന്നും, ലഭിക്കേണ്ട തുകയിൽ 6000 രൂപയുടെ കുറവുണ്ടെന്നും വ്യക്തമായത്.
ഇതേത്തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടപ്പോൾ, നിലവിൽ അക്കൗണ്ടിൽ എത്തിയ തുക മുഴുവനായും തിരിച്ചടച്ചാൽ മാത്രമേ പൂർണ്ണ തുക ലഭിക്കുന്നതിനായുള്ള പരാതി നൽകാൻ സാധിക്കൂ എന്ന നിലപാടാണ് ബാങ്ക് മാനേജർ സ്വീകരിച്ചതെന്ന് രാമദാസ് പറയുന്നു. എന്നാൽ അക്കൗണ്ടിൽ ലഭിച്ച തുക ഇതിനോടകം തന്നെ കാർഷിക ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ വിനിയോഗിച്ചു കഴിഞ്ഞു. ഇനി ഈ തുക തിരികെ അടയ്ക്കണമെങ്കിൽ വീണ്ടും വായ്പ എടുക്കേണ്ട സാഹചര്യമാണുള്ളത്.
ഒരു വർഷത്തോളം നെൽകൃഷിക്കായി പണം മുടക്കി ഒടുവിൽ ലഭിച്ച തുകയിലുണ്ടായ ഈ കുറവ് കർഷകന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇത് തന്റെ മാത്രം പ്രശ്നമായിരിക്കില്ലെന്നും, സാങ്കേതിക പരിജ്ഞാനം കുറഞ്ഞ സാധാരണക്കാരായ മറ്റു കർഷകരെയും ഇത്തരം നടപടികൾ വലിയ ദുരിതത്തിലാക്കുമെന്നും രാമദാസ് ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് അധികൃതരുടെയും സപ്ലൈകോയുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, നടപടിക്രമങ്ങളിലെ ആശയക്കുഴപ്പം പരിഹരിച്ച് അർഹമായ മുഴുവൻ തുകയും വേഗത്തിൽ ലഭ്യമാക്കണമെന്നുമാണ് കർഷകന്റെ ആവശ്യം. വിഷയത്തിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ കർഷകൻ.

