ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി

കാക്കനാട്: കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. നിലവിൽ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയുടെ മുപ്പത്തിനാലാമത് സിനഡ് സമ്മേളനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കും, ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30-ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നത്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് സഭയിലെ നിയമന പ്രഖ്യാപനം നടത്തിയത്.

ഫാ. തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെയുള്ള ഉത്തരവ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. തുടർന്ന് മേജർ ആർച്ച് ബിഷപ്പും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടും ചേർന്ന് ഫാ. തോമസ് ആനിമൂട്ടിലിനെ മെത്രാന്റെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിയും ഗീവർഗീസ് മാർ അപ്രേമും ചേർന്ന് ബൊക്കെ നൽകി അനുമോദിച്ചു. പുതിയ നിയമനത്തോടെ കോട്ടയം അതിരൂപതയിൽ സഹായ മെത്രാന്മാരുടെ എണ്ണം മൂന്നായി.

1962 ജനുവരി 13-ന് പയ്യാവൂരിലാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ പുത്രനാണ്. പയ്യാവൂരിൽ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസവും മൈസൂരിൽ സർവകലാശാല പഠനവും പൂർത്തിയാക്കിയ ശേഷം, വൈദിക പരിശീലനത്തിനായി കോട്ടയം സെന്റ് സ്റ്റാനിസ്‌ലാവോസ് മൈനർ സെമിനാരിയിൽ ചേർന്നു. 1989 ഏപ്രിൽ 13-ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽ നിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.

വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരി, വിവിധ സ്കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റർ ഡയറക്ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചലസിൽ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ പൂർത്തിയാക്കിയ അദ്ദേഹം, അവിടെ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും പ്രവർത്തിച്ചു. 11 വർഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി പ്രവർത്തിച്ചു വരവെയാണ് പുതിയ ഉന്നത പദവി അദ്ദേഹത്തെ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *