ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ഹൃദയപരിശോധന: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) വിഭാഗക്കാർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്നതിനുള്ള ട്രോപ് ടി പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാധാരണക്കാർക്കും ഫലപ്രദമായ ഹൃദയപരിശോധന ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളിൽ ചില സാഹചര്യങ്ങളിൽ കൃത്യമായ ഫലം ലഭിക്കുന്നതിൽ പരിമിതികളുണ്ടാകാമെന്നും ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ട്രോപ് ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സമീപപ്രദേശങ്ങളിൽ നടക്കുന്ന ഇത്തരം ക്യാമ്പുകളിൽ ജനങ്ങൾ പങ്കെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സയിൽ പ്രധാനമാണെന്നും മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെ പേരിൽ കമ്മിഷൻ വാങ്ങുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *