ആര്യനാട്: ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കി സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായ ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകളെന്ന് മന്ത്രി പറഞ്ഞു. സ്മാർട്ട് വില്ലേജുകൾ നിലവിൽ വരുന്നതോടെ വെറുമൊരു പേരുമാറ്റമല്ല ലക്ഷ്യമിടുന്നത്, മറിച്ച് പരമാവധി സേവനങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ്. ഓഫീസുകളിലെത്തുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി നൽകണം. വിവിധ സേവനങ്ങൾക്കായി ജനങ്ങൾ ഇടനിലക്കാരെ ആശ്രയിക്കേണ്ട സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
45 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസിന് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുക്കിയത്. 1080.95 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിൽ വില്ലേജ് ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് ഏരിയ, ഓഫീസ് മുറി, ഡൈനിംഗ് റൂം, ടോയ്ലെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഭിന്നശേഷി സൗഹൃദ റാമ്പും ഇവർക്കായി പ്രത്യേക ടോയ്ലെറ്റ് സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

