ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ വെടിയേറ്റ് മരിച്ചു

ഷാംലി: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ ഉത്തർപ്രദേശിലെ ഷാംലിയിൽ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് ജിമ്മിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെയാണ് അജ്ഞാത അക്രമികൾ ആക്രമിച്ചത്. ഷാംലി കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

രണ്ട് മോട്ടോർസൈക്കിളുകളിലായി എത്തിയ അക്രമികൾ അങ്കിതിന് നേരെ നിരവധി തവണ വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. വെടിയേറ്റ അങ്കിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അങ്കിത് മത്സരിക്കാൻ പദ്ധതിയിട്ടിരുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, കൊലപാതകത്തിന് അതാണ് കാരണമെന്നതിന് സ്ഥിരീകരണമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അങ്കിതിന്റെ ഓൺലൈൻ ഉള്ളടക്കവുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്നതും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.

അങ്കിതിന്റെ കൊലപാതകത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ഉത്തർപ്രദേശിലെ ക്രമസമാധാനനില തകർന്നുവെന്നാരോപിച്ച അദ്ദേഹം സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ അവകാശവാദങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ കൊലപാതകത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് സ്ഥിരീകരണമില്ല.

ഹരിയാൻവി സംഗീതരംഗത്തും യൂട്യൂബിലും ശ്രദ്ധ നേടിയിരുന്ന അങ്കിത് ബാലിയന് യൂട്യൂബിൽ മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *