ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കൂടുതൽ ചികിത്സയ്ക്കായി സൗദി അറേബ്യയിൽ നിന്ന് യുഎഇയിലേക്ക് മാറ്റി. സൗദിയിലെ തബൂക്കിലെ ആശുപത്രിയിലായിരുന്നു നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്നത്. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് എഫ്‌സെഡ്1073 വിമാനത്തിലായിരുന്നു സംഭവം. 174 പേരുമായി യാത്ര ചെയ്ത വിമാനത്തിൽ സഹപൈലറ്റ് മച്ചാറിനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം അതിവേഗം താഴേക്ക് പതിക്കുകയും അടിയന്തര സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തരമായി ഇറക്കി.
ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതോടെ യാത്രക്കാരും ജീവനക്കാരും അകത്ത് പ്രവേശിച്ച് ആക്രമണം നടത്തിയ സഹപൈലറ്റിനെ നിയന്ത്രണത്തിലാക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു സംഘം പൈലറ്റുമാരുടെ സഹായത്തോടെയാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. സംഭവത്തിൽ സൗദി അധികൃതർ അന്വേഷണം തുടരുകയാണ്.
മച്ചാറിന്റെ ആരോഗ്യനില നേരത്തെ സ്ഥിരതയുള്ളതാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സംഭവത്തിലെ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിച്ചിരുന്നു.

