കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പേരുമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിൽ യാതൊരു തരത്തിലുള്ള ആലോചനയും നടന്നിട്ടില്ലെന്നും മാധ്യമങ്ങളിലെ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പുറത്തിറക്കിയ പത്രക്കുറിപ്പ് ഏകപക്ഷീയമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമപെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും സതീശൻ പറഞ്ഞു. മെസി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

