തമിഴ്നാട്ടിൽ വൻ ക്ഷേമ പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ

ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിക്കുന്നതും അർഹരായ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകുന്നതും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.

നിലവിലെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വെട്രി പയനം’ ഒക്ടോബർ 2 മുതൽ കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കും. നഗരങ്ങളിലും മെട്രോപൊളിറ്റൻ മേഖലകളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിലാണ് ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 6,000 കോടി രൂപ ചെലവാകുമെന്നാണ് സർക്കാർ കണക്ക്.

അടുത്ത പൊങ്കൽ മുതൽ ‘അന്നപൂർണി സൂപ്പർ 6’ പദ്ധതിയുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകും. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഏകദേശം 1.34 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും സിലിണ്ടറുകളുടെ വില നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും വിജയ് അറിയിച്ചു.

അതേസമയം, കാഞ്ചീപുരത്തെ പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പരന്തൂരിന് പകരം ചെന്നൈയിൽ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ നിർമിക്കാനും പദ്ധതിയുണ്ടെന്ന് വിജയ് അറിയിച്ചു.

പരന്തൂരിലെ 13 ഗ്രാമങ്ങളിലായി 5,746 ഏക്കറിൽ 29,400 കോടി രൂപ ചെലവിൽ വിമാനത്താവളം നിർമിക്കാനായിരുന്നു മുൻ സർക്കാർ പദ്ധതിയിട്ടിരുന്നത്. പദ്ധതിക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായിരുന്നു. കർഷകരുടെ ആശങ്കകൾ പരിഗണിച്ചാണ് പദ്ധതി റദ്ദാക്കുന്നതെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകളുടെ യാത്രാ സൗകര്യവും കുടുംബങ്ങളുടെ പാചകവാതക ചെലവിലെ സാമ്പത്തികഭാരവും കുറയ്ക്കുന്നതിനുള്ള നടപടികളായാണ് പുതിയ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. സൗജന്യ ബസ് യാത്രാ പദ്ധതിയുടെ വിപുലീകരണം ഒക്ടോബർ 2 മുതലും സൗജന്യ എൽപിജി പദ്ധതി 2027 ജനുവരിയിലെ പൊങ്കൽ കാലത്തുമാണ് പ്രാബല്യത്തിൽ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *