സ്റ്റാഫ് ലേഖകൻ
വിക്ടോറിയ: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. മുൻവർഷങ്ങളേക്കാൾ ഉപരിയായി സാമ്പത്തിക പ്രതിസന്ധികളും നിയമ മാറ്റങ്ങളുമാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുന്നത്. ഓസ്ട്രേലിയൻ മലയാളികളെ സംബന്ധിച്ച് നാട്ടിലെ തിരഞ്ഞെടുപ്പുകളാണ് എപ്പോഴും ഏറെ ആകർഷണീയമെങ്കിലും, ഇവിടുത്തെ തിരഞ്ഞെടുപ്പ് രംഗത്തും ചിലരെങ്കിലും സജീവമാകാറുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന എപ്പിംഗ് (Epping), സൗത്ത് മൊറാങ് (South Morang) എന്നീ സബർബുകൾ ഉൾപ്പെടുന്ന മിൽ പാർക്ക് (Mill Park) മണ്ഡലത്തിൽ നിന്ന് ബിനോയ് സക്കറിയ എന്ന മലയാളിയും ജനവിധി തേടുന്നു.

കോട്ടയം പാലാ സ്വദേശിയായ ബിനോയ്, ഗ്രീൻസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 13 വർഷത്തോളം ഓസ്ട്രേലിയൻ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായും, കഴിഞ്ഞ മൂന്ന് വർഷമായി മോർട്ട്ഗേജ് ബ്രോക്കറായും അദ്ദേഹം ജോലി ചെയ്തുവരികയാണ്. വിക്ടോറിയയിലെ ഒട്ടേറെ മലയാളി കൂട്ടായ്മകളിലും സൗഹൃദവലയങ്ങളിലും സുപരിചിതനായ വ്യക്തിത്വമാണ് ബിനോയ്.


ഗ്രീൻസ് പാർട്ടി മുന്നോട്ടുവെക്കുന്ന നയപരിപാടികൾക്കൊപ്പം, ഓസ്ട്രേലിയയിൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സാംസ്കാരിക രീതികളും എല്ലാവർക്കും ഒരുപോലെ ലഭ്യമാകണമെന്ന കാഴ്ചപ്പാടാണ് ബിനോയ് മുന്നോട്ടുവെക്കുന്നത്. മറ്റെല്ലാ മേഖലകളിലും മലയാളികൾ സജീവമാകുന്നതുപോലെ ഓസ്ട്രേലിയൻ രാഷ്ട്രീയ രംഗത്തും കൂടുതൽ മലയാളികൾ കടന്നുവരണമെന്ന അഭിപ്രായമാണ് അദ്ദേഹം ‘മലയാളിപ്പത്ര’വുമായി പങ്കുവെച്ചത്.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

