പ്രശസ്ത നർത്തകി മഞ്ജു വി. നായരുടെ ഭരതനാട്യ ശില്പശാല ഒക്ടോബർ 31-ന് മെൽബണിൽ; സംഘടിപ്പിക്കുന്നത് കാർഡിനിയ മലയാളി അസോസിയേഷൻ

മെൽബൺ: ക്ലാസ്സിക്കൽ നൃത്തം ഇഷ്ടപ്പെടുന്നവർക്കും പരിശീലകർക്കുമായി ദക്ഷിണേന്ത്യയിലെ പ്രശസ്ത നർത്തകിയും നൃത്ത അധ്യാപികയുമായ മഞ്ജു വി. നായർ നയിക്കുന്ന പ്രത്യേക ഭരതനാട്യ ശില്പശാല മെൽബണിൽ അരങ്ങേറുന്നു. കാർഡിനിയ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ഭരതനാട്യം: ബിയോണ്ട് ദി ബേസിക്സ്’ (Bharatanatyam Beyond the Basics) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനക്കളരി ഒക്ടോബർ 31 ശനിയാഴ്ച നടക്കും. ഹാലം റിക്രിയേഷൻ റിസർവ് ഹാളിൽ (Hallam Recreation Reserve Hall) രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ നൃത്തപരിപാടികളും ശില്പശാലകളും നയിച്ച് ശ്രദ്ധേയയായ മഞ്ജു വി. നായർ, അഷ്ടപദിയെ ആസ്പദമാക്കിയാണ് ഈ ശില്പശാലയിൽ ചിട്ടയായ പരിശീലനം നൽകുന്നത്. ഭരതനാട്യത്തിലെ അഭിനയം, വ്യാഖ്യാനം, ഭാവപ്രകടനങ്ങളിലൂടെയുള്ള കഥ പറച്ചിൽ, ചലനങ്ങളും വികാരങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സൂക്ഷ്മമായ അവതരണ ശൈലി എന്നിവയ്ക്കാണ് ശില്പശാലയിൽ മുൻഗണന നൽകുന്നത്. കുറഞ്ഞത് അഞ്ച് വർഷത്തെ നൃത്തപരിശീലന പരിചയമുള്ളവർക്കും പൂർണ്ണമായ ഭരതനാട്യ രചനകൾ അഭ്യസിച്ചിട്ടുള്ളവർക്കുമാണ് ഇതിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭാവിയിലെ സ്റ്റേജ് പെർഫോമൻസുകൾക്കായി ഉപയോഗിക്കാവുന്ന ഒറിജിനൽ ഓഡിയോയും, തുടർപരിശീലനത്തിനായി ഉപകരിക്കുന്ന പ്രാക്ടീസ് വീഡിയോയും നൽകുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത ആളുകൾക്ക് ഏർലി-ബേർഡ് ഇളവുകളും ലഭ്യമാണ്. ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടിയുള്ള രജിസ്ട്രേഷനുമായി രഞ്ജിത്ത് (0469 188 248), പ്രകാശ് (0415 615 049) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോര്‍ട്ട്: സഞ്ചയ് പരമേശ്വരന്‍

Leave a Reply

Your email address will not be published. Required fields are marked *