ന്യൂഡൽഹി: ഓൺലൈൻ പരസ്യങ്ങൾ മറയാക്കി ഇന്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്ത ഇസ്രയേൽ ആസ്ഥാനമായുള്ള പരസ്യ ഏജൻസി ‘ഡിസ്കവർ ടെക്’നെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത നടപടി. കനേഡിയൻ സൈബർ ഗവേഷണ സ്ഥാപനമായ സിറ്റിസൺ ലാബും ന്യൂയോർക്കിലെ പരസ്യ സുരക്ഷാ സ്ഥാപനമായ കോൺഫിയന്റും സംയുക്തമായി പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് കമ്പനിക്കെതിരെ നടപടിയുണ്ടായത്. കണ്ടെത്തലുകൾ പുറത്തുവന്നതോടെ ഗൂഗിൾ ഡിസ്കവർ ടെകിനെ തങ്ങളുടെ പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് പൂർണ്ണമായി പുറത്താക്കി. കോംകാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബീസ്വാക്സ്, യൂറോപ്യൻ പരസ്യ കൂട്ടായ്മയായ ഐ.എ.ബി യൂറോപ്പ് എന്നിവയും കമ്പനിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക നേരത്തെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള ‘കാൻഡിറു’ എന്ന സ്പൈവെയർ നിർമ്മാണ കമ്പനിക്കും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്കും ഗൂഗിൾ, കോംകാസ്റ്റ്, റഷ്യൻ സെർച്ച് എഞ്ചിനായ യാൻഡെക്സ് തുടങ്ങിയ വൻകിട പ്ലാറ്റ്ഫോമുകളിലേക്ക് നുഴഞ്ഞുകയറാൻ വഴിയൊരുക്കിയത് ഡിസ്കവർ ടെക് ആണെന്നാണ് റിപ്പോർട്ടിലെ ആരോപണം. സാധാരണ മൊബൈൽ ഫോണുകളുടെയും ഇയർപോഡുകളുടെയും ആകർഷകമായ പരസ്യങ്ങളുടെ മറവിലായിരുന്നു ഈ ചാരപ്രവർത്തനം അരങ്ങേറിയത്. 1,20,000-ലധികം വെബ്സൈറ്റുകളിലും 75,000-ത്തിലധികം മൊബൈൽ ആപ്പുകളിലുമായി പ്രതിദിനം ഒരു കോടിയോളം പരസ്യങ്ങളാണ് ഇവർ ലോകമെമ്പാടും പ്രചരിപ്പിച്ചിരുന്നത്. ഉപയോക്താക്കൾ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ പോലും വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, അവർ നിൽക്കുന്ന കൃത്യമായ ലൊക്കേഷൻ ഉൾപ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങളാണ് ഇത്തരത്തിൽ ചോർത്തിയത്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ അൽ ജസീറയുടെ 45 വിൻഡോസ് സിസ്റ്റങ്ങളിൽ 2024-25 കാലയളവിൽ ഇതേ പരസ്യങ്ങളിലൂടെ കാൻഡിറു സ്പൈവെയർ കടത്തിവിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ, ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐ.സി.സി), അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) എന്നിവയുടെ ഇന്റർനെറ്റ് ശൃംഖലകളിലേക്കും ഈ പരസ്യങ്ങൾ കടത്തിവിട്ടിരുന്നു. പലസ്തീൻ പ്രദേശങ്ങളിലെ വെബ്സൈറ്റുകളിൽ എല്ലാ ദിവസവും വ്യാപകമായി ഇത്തരം പരസ്യങ്ങൾ എത്തിയിരുന്നു. ഐക്യരാഷ്ട്രസഭ (യു.എൻ), നാറ്റോ, യൂറോപ്യൻ കമ്മീഷൻ എന്നിവയ്ക്ക് പുറമേ എൻവിഡിയ, ബ്രോഡ്കോം തുടങ്ങിയ ആഗോള ചിപ്പ് നിർമ്മാണ കമ്പനികളെപ്പോലും ഈ സൈബർ നിരീക്ഷണ ശൃംഖല ലക്ഷ്യമിട്ടിരുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

