കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം തിരക്കേറിയ റിങ് റോഡിൽ ഇന്ധന ഉൽപന്നങ്ങളുമായി പോയ ടാങ്കർ ലോറി മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. നവംബർ 25 ബുധനാഴ്ചയാണ് അപകടമുണ്ടായത്.
കെയ്റോ നഗരത്തെ ചുറ്റിക്കടന്നുപോകുന്ന പ്രധാന പാതയായ റിങ് റോഡിൽ ഗിസ ഗവർണറേറ്റിലെ അൽ വറാഖ് മേഖലയിലാണ് അപകടം നടന്നത്. ഇംബാബ പ്രദേശത്തെ ടണൽ നമ്പർ 10-ന് സമീപം ഇന്ധന ഉൽപന്നങ്ങളുമായി സഞ്ചരിച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക വിവരം. ലോറിയിൽനിന്ന് പടർന്ന തീ സമീപത്തുകൂടി സഞ്ചരിച്ചിരുന്ന കാറുകളിലേക്കും മറ്റ് വാഹനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
അപകടത്തിൽ കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 27 വാഹനങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക കണക്ക്. വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെടുക്കാൻ ശ്രമിച്ചു. അപകടസ്ഥലത്തുനിന്ന് കനത്ത പുക ഉയരുന്നതും വാഹനങ്ങൾ പൂർണമായി കത്തിനശിച്ചതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി 39 ആംബുലൻസുകൾ സ്ഥലത്തെത്തിച്ചതായി ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്കു മതിയായ ചികിത്സ ഉറപ്പാക്കാൻ സമീപത്തെ ആശുപത്രികളിൽ അടിയന്തര സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഖാലിദ് അബ്ദുൽ ഗഫ്ഫാർ രക്ഷാപ്രവർത്തനങ്ങളും ചികിത്സാ നടപടികളും വിലയിരുത്തി.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനും അധികൃതർ നിർദേശം നൽകി. അപകടത്തിൽപ്പെട്ട ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ കാരണവും തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്കും ദുരിതബാധിതരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
അപകടത്തെത്തുടർന്ന് റിങ് റോഡിലെ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. പിന്നീട് തീപിടിത്തത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതോടെ റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

