പെരിന്തൽമണ്ണ: നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപന നടത്തിവന്ന നഴ്സിംഗ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പെരിന്തൽമണ്ണ പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായി. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 11.63 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
ലഹരിക്കടത്ത് തടയാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖും സംഘവുമാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിൽനിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിച്ച് ലോഡ്ജ് മുറികളിലിട്ട് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയ്ക്കെതിരെ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ലഹരി ഇടപാടുകൾക്ക് വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

