തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ ആവശ്യത്തിന് രക്തം ലഭ്യമല്ലെന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ രക്തദാനം കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി കൂടുതല്‍ പേരെ സന്നദ്ധ രക്തദാനത്തിലേക്ക് കൊണ്ടുവരാന്‍ ശക്തമായ പ്രചാരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന അവബോധം പൊതുജനങ്ങളില്‍ വളര്‍ത്തേണ്ടതുണ്ട്. രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ച് കൂടുതല്‍ സന്നദ്ധ രക്തദാതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ സന്നദ്ധ രക്തദാന സംഘടനകള്‍, രക്തശേഖരണ കേന്ദ്രങ്ങള്‍, രക്തദാന ക്യാമ്പുകള്‍, ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി പദ്ധതി എന്നിവയ്ക്കും പോള്‍ ബ്ലഡ് പ്രോജക്ടിന്റെ പ്രവര്‍ത്തന മികവിനും മന്ത്രി പ്രശംസാപത്രവും ഉപഹാരങ്ങളും വിതരണം ചെയ്തു.
സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്നതിനും പ്രതിഫലം വാങ്ങാതെയുള്ള പതിവായ സന്നദ്ധ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്.

