ആദ്യമായി അമ്മയായ വനിതയ്ക്ക് മിസ് യൂണിവേഴ്‌സ് കിരീടം; ചരിത്രം കുറിച്ച് പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ

സാൻ ജുവാൻ: മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമ്മയായ വനിതയ്ക്ക് കിരീടം. പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ (27) ആണ് 2026ലെ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയത്. സ്വന്തം രാജ്യമായ പ്യൂർട്ടോറിക്കോയിലെ സാൻ ജുവാനിൽ നവംബർ 24ന് നടന്ന ഫൈനലിലാണ് നേട്ടം. മെക്സിക്കോയുടെ മുൻ ജേതാവ് ഫാത്തിമ ബോഷ് ജെന്നിഫറിനെ കിരീടമണിയിച്ചു.

വിവാഹിതയും ഏഴുവയസ്സുകാരി പെൺകുട്ടിയുടെ അമ്മയുമായ ജെന്നിഫർ മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കീഴിൽ പ്രിവൻഷൻ സ്പെഷ്യലിസ്റ്റായി പ്രവർത്തിക്കുന്ന അവർ സാമൂഹിക സേവനരംഗത്തും സജീവമാണ്. പെനലോപ്പി എന്നാണ് മകളുടെ പേര്

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനസ് ഒന്നാം റണ്ണറപ്പും വെനസ്വേലയുടെ ക്ലാര വെഗാസ് രണ്ടാം റണ്ണറപ്പുമായി. ഫിലിപ്പീൻസ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ആദ്യ അഞ്ചിൽ ഇടം നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളിയായ കസിയ ലിസ് മെജോ ആദ്യ 30 പേരിൽ ഇടം നേടിയെങ്കിലും ആദ്യ 12ലേക്ക് മുന്നേറാനായില്ല.

116 രാജ്യങ്ങളിൽനിന്നും പ്രദേശങ്ങളിൽനിന്നുമുള്ള മത്സരാർഥികളാണ് 75-ാം പതിപ്പിൽ പങ്കെടുത്തത്. ഇതിൽ പത്ത് പേർ അമ്മമാരായിരുന്നു. വിവാഹിതർക്കും അമ്മമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്ന തരത്തിൽ 2023ലാണ് മിസ് യൂണിവേഴ്‌സ് സംഘടന നിയമങ്ങളിൽ മാറ്റം വരുത്തിയത്. അതിനുശേഷം ഈ വിഭാഗത്തിൽപ്പെട്ട ഒരാൾ കിരീടം നേടുന്നത് ആദ്യമായാണ്.

ഈ വിജയത്തോടെ പ്യൂർട്ടോറിക്കോയ്ക്ക് ആറാം മിസ് യൂണിവേഴ്‌സ് കിരീടം ലഭിച്ചു. 1970ൽ മരിസോൾ മലാരെറ്റ്, 1985ൽ ഡെബോറ കാർത്തി-ഡ്യൂ, 1993ൽ ദയനാര ടോറസ്, 2001ൽ ഡെനിസ് ക്വിനോൺസ്, 2006ൽ സുലേക റിവേര എന്നിവരാണ് ഇതിനുമുൻപ് രാജ്യത്തിനായി കിരീടം നേടിയവർ.

75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത കിരീടമാണ് ജെന്നിഫറിന് സമ്മാനിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് ‘ദ റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്നാണ് പേര്. അടുത്ത വർഷത്തെ മിസ് യൂണിവേഴ്‌സ് മത്സരവും പ്യൂർട്ടോറിക്കോയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *