കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ കേരള ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ വിമർശിച്ചു. അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ സംബന്ധിച്ച് നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
പ്രധാന പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലനെതിരെ നേരത്തെ ആരോപണമുയർന്നിരുന്നു. ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതിന് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നതായി ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.
മറ്റ് കേസുകളിൽ ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിതിൻ രാജ് കേസിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയും നടപടിക്രമങ്ങൾ ആവശ്യമാകുന്നതെന്ന് കോടതി ചോദിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് റാമിന്റെ അറസ്റ്റിൽ വീഴ്ച സംഭവിച്ചതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി കോടതി ഉത്തരവിനായി മാറ്റി. കേസിൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർന്നും കോടതിയുടെ പരിഗണനയിലുണ്ടാകും.

