തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷത്തിന് ബെവ്കോ ജീവനക്കാർക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക നിശ്ചയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് പരമാവധി ബോണസ് തുകയായി 1,05,000 രൂപ ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,500 രൂപയുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനുപുറമെ 50,000 രൂപ വരെ ബോണസ് അഡ്വാൻസായി നൽകാനും തീരുമാനമായിട്ടുണ്ട്. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
വിവിധ തസ്തികകളിലെ ഇതര ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയെത്തിയ ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6,250 രൂപയാക്കി. സ്വീപ്പർ തസ്തികയിലുള്ളവർക്ക് 6,750 രൂപ വീതവും ലഭിക്കും. കൂടാതെ ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ ബോണസായി നൽകാനും യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ വർഷവും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് തുക തന്നെയാണ് ഓണത്തിന് ബോണസായി നൽകിയിരുന്നത്. കഴിഞ്ഞ തവണ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയായിരുന്നു ബോണസ് ഇനത്തിൽ വിതരണം ചെയ്തത്. ഇതിനെ മറികടക്കുന്ന ആനുകൂല്യങ്ങളാണ് ഇത്തവണ ജീവനക്കാരെ കാത്തിരിക്കുന്നത്.

