സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: മിനിമം ചാർജ് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നവംബർ മൂന്നു മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്വകാര്യ ബസ് ഉടമകളുടെ എട്ട് സംഘടനകൾ സംയുക്തമായാണ് സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. കേരള ബസ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകൾ ആരംഭിച്ചതോടെ സ്ത്രീകൾ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത് കുറഞ്ഞെന്നും, ഇത് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്നും ബസുടമകൾ ചൂണ്ടിക്കാട്ടി. പദ്ധതി നിലവിൽ വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞതായും ഇനിയും സർവീസുമായി മുന്നോട്ടു പോകാനാകില്ലെന്നും ഉടമകൾ വ്യക്തമാക്കുന്നു. മേഖല നേരിടുന്ന പ്രതിസന്ധി സർക്കാരിനെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.

2022-ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011-ന് ശേഷം പരിഷ്കരിച്ചിട്ടുമില്ല. അതിനാൽ മിനിമം നിരക്കും വിദ്യാർത്ഥികളുടെ യാത്രാനിരക്കും അടിയന്തരമായി വർധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *