ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കം. കോക്ക്രോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ശിവാജി പാർക്കിൽ നിന്നാണ് പ്രതിഷേധത്തിന് തുടക്കമിടുന്നത്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവും വോട്ടർപട്ടികയിലെ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുമാണ് പ്രതിഷേധങ്ങളുടെ പ്രധാന വിഷയങ്ങൾ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യത വേണമെന്നും CJP ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, INDIA സഖ്യവും ഒക്ടോബർ 2 മുതൽ 8 വരെ ‘സേവ് ഡെമോക്രസി’ എന്ന പേരിൽ രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും രാഷ്ട്രപതിയെ കാണാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്. SIR നടപടികളുമായി ബന്ധപ്പെട്ട ആശങ്കകളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതുമാണ് പരിപാടികളുടെ പശ്ചാത്തലം.

