ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതി പരിസരത്ത് സമാധാനപരമായി പ്രതിഷേധിച്ച അഭിഭാഷകരെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത സംഭവത്തെ സുപ്രീം കോടതി ബാർ അസോസിയേഷൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഔദ്യോഗികമായി കത്തയച്ചു.
കസ്റ്റഡിയിലെടുത്ത എല്ലാ അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അവർക്ക് ആവശ്യമായ നിയമസഹായം ഉടൻ ലഭ്യമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. നിയമപരമായ യാതൊരു കാരണവുമില്ലാതെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നവരെ ഉടനടി വിട്ടയക്കണമെന്നും, അഭിഭാഷകർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എസ്‌സിബിഎ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. സമാനമായ ആവശ്യവുമായി സുപ്രീം കോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
പൗരന്മാരുടെ മൗലികാവകാശങ്ങളെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെയും ഹനിക്കുന്നതാണ് ഈ പൊലീസ് നടപടിയെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടിയന്തരമായി അധികൃതരുമായി സംസാരിക്കുകയും വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തതായാണ് വിവരം.

