ചുമതലയേറ്റ് രണ്ടാം ദിവസം ആത്മഹത്യാ മുനമ്പിൽ നിന്ന് ഗൃഹനാഥനെ രക്ഷിച്ച് എസ്.ഐ; ഇടുക്കിയിൽ പോലീസിന് കയ്യടി

ഇടുക്കി: ചുമതലയേറ്റ് വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ രക്ഷിച്ചെടുത്ത് നാടിന്റെ സ്നേഹവും പ്രശംസയും പിടിച്ചുപറ്റി ഇടുക്കി എസ്.ഐ ബിബിൻ. തടിയമ്പാട് കുടുംബപ്രശ്നങ്ങളെ തുടർന്ന് മുറിക്കുള്ളിൽ കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹനിർഭരമായ വാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ മാതൃകയായത്.

തടിയമ്പാട് കാർത്യായനി കവലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമിതമായി മദ്യപിച്ചെത്തിയ ഗൃഹനാഥനായ വർഗ്ഗീസ് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തയായ ഭാര്യ ഉടൻതന്നെ പൊലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് സഹായം തേടി. അടിയന്തര സന്ദേശം ലഭിച്ചയുടൻ എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിനിറ്റുകൾക്കകം സ്ഥലത്തെത്തി.

പൊലീസ് എത്തിയതുകണ്ട് വർഗ്ഗീസ് മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയും കഴുത്തിൽ കയർ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. കതക് ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നത് അപകടത്തിന് വഴിവെക്കുമെന്ന് മനസ്സിലാക്കിയ എസ്.ഐ, ജനലിലൂടെ ഇയാളുമായി ക്ഷമയോടെ സംസാരിച്ചു. “വർഗ്ഗീസ് ചേട്ടാ, നിങ്ങളുടെ സ്വന്തം മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുകയാണ്… നിങ്ങൾ താഴെയിറങ്ങ്… നമുക്കിത് സംസാരിച്ച് തീർക്കാം…” എന്ന എസ്.ഐയുടെ വാക്കുകൾ ഒടുവിൽ ഗൃഹനാഥന്റെ മനസ്സ് മാറ്റി.

തുടർന്ന് ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞ വർഗ്ഗീസ് വാതിൽ തുറന്ന് പോലീസിന് മുന്നിലെത്തി. താഴെയിറങ്ങിയ ഇയാളെ ആശ്വസിപ്പിച്ച് വെള്ളം നൽകിയ പോലീസ് സംഘം, കുടുംബത്തിലെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് രമ്യമായി പരിഹരിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. എസ്.ഐയുടെ സമയോചിതമായ ഇടപെടലിന് വലിയ കയ്യടിയാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *