മെസിയുടെ പേരിൽ 126 കോടി രൂപ പിരിച്ചെന്ന് എസ്ഐടി; യു. ഷറഫലിയെ അഞ്ചാം പ്രതിയാക്കി

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കുമെന്ന പേരിൽ 126 കോടി രൂപ സമാഹരിച്ചതായി പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. സംസ്ഥാന കായികവകുപ്പിന്റെ സഹായത്തോടെയാണ് പണപ്പിരിവ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ സാമ്പത്തിക ഇടപാടുകളും സ്ഥാപനങ്ങളുടെ പങ്കും പരിശോധിച്ചുവരികയാണ്.

മെസിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് (ആർബിസി) വിവിധ സ്ഥാപനങ്ങളിൽനിന്ന് പണം സമാഹരിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. വൻകിട സ്ഥാപനങ്ങളിൽനിന്ന് ഉൾപ്പെടെ പണം പിരിച്ചതിന്റെ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ചിട്ടിക്കമ്പനികളിൽനിന്ന് പണം സ്വീകരിച്ചതിന്റെ രേഖകളും നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക രേഖകളും പരിശോധിക്കുന്നുണ്ട്.

അന്നത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ അക്കാദമിയുടെ ഇടപാടുകളും എസ്ഐടി അന്വേഷിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പ്രവർത്തിക്കുന്ന ഷറഫലിയുടെ ഉടമസ്ഥതയിലുള്ള നോവസ് സോക്കർ അക്കാദമി സ്പോൺസർ കമ്പനിയുടെ ബിനാമി സ്ഥാപനമാണോയെന്നും പരിശോധിക്കുന്നുണ്ട്.

ഷറഫലിയുടെ കമ്പനിവഴി സ്പോൺസറായ ആർബിസിയിൽനിന്ന് രണ്ടു കോടി രൂപ ലഭിച്ചതായുള്ള രേഖകൾ അന്വേഷണത്തിൽ പുറത്തുവന്നിരുന്നു. അക്കാദമിക്ക് ലഭിച്ച ഈ തുകയിൽ 1.08 കോടി രൂപ ഷറഫലിയുടെയും ബന്ധുക്കളുടെയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്.

മെസിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ യു. ഷറഫലിയെ അഞ്ചാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണസംഘം കേസെടുത്തിരിക്കുന്നത്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ മൂന്നാം പ്രതിയും മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ നാലാം പ്രതിയുമാണ്.

ആർബിസി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മുൻ മന്ത്രിയുൾപ്പെടെയുള്ളവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണർ അനുമതി നൽകിയിരുന്നു.

അതേസമയം, മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതി യാഥാർഥ്യമായിരുന്നില്ല. വിദേശത്തേക്കുള്ള പണമിടപാടുകൾ, പണം സമാഹരിച്ച സ്ഥാപനങ്ങൾ, സാമ്പത്തിക സ്രോതസുകൾ, സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ വിവിധ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. വിദേശത്തേക്ക് അയച്ചതായി പറയുന്ന 126 കോടി രൂപയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി, വിദേശനാണയ വിനിമയ നിയമലംഘനങ്ങൾ സംബന്ധിച്ച പരിശോധനകളും നടക്കുന്നുണ്ട്.

കേസിലെ പ്രതികൾക്കെതിരായ ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെത്തലുകളാണ്. കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *