ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഞായറാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.
മെത്തനോൾ കലർന്ന വ്യാജമദ്യമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ആകെ 67 പേർ വിഷമദ്യം കഴിച്ചതായി അധികൃതർ അറിയിച്ചു. ഗുജറാത്തിൽ മദ്യനിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ പ്രതികളാക്കി വർതേജ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. വിഷമദ്യം എവിടെനിന്നാണ് എത്തിച്ചതെന്നും വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരാരെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
വ്യാജമദ്യം നിർമ്മിക്കുന്നതിനായി മെത്തനോൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പനയും വിതരണവും തടയുന്നതിനുള്ള പ്രത്യേക പോലീസ് വിഭാഗമായ സ്റ്റേറ്റ് മോണിറ്ററിങ് സെല്ലിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

