കൂത്താട്ടുകുളം: മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പ്രഥമ സുനീഷ് കോട്ടപ്പുറം സ്മാരക പുരസ്കാരം മാതൃഭൂമി കൂത്താട്ടുകുളം ലേഖകൻ എൻ.സി. വിജയകുമാറിന് മന്ത്രി അഡ്വ. അനൂപ് ജേക്കബ് സമ്മാനിച്ചു. ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിൽ പ്രാദേശിക മാധ്യമപ്രവർത്തകരുടെ പങ്ക് വളരെ വലുതും പ്രശംസനീയവുമാണെന്ന് മന്ത്രി പറഞ്ഞു. കെ.ജെ.യു ഓണാഘോഷ ഉദ്ഘാടനവും ഓണപ്പൂക്കള സമർപ്പണവും മന്ത്രി നിർവഹിച്ചു.
കൂത്താട്ടുകുളം കെ.ടി. ജേക്കബ് സ്മാരക ടൗൺ ഹാളിൽ ചേർന്ന ചടങ്ങിൽ കെ.ജെ.യു ജില്ലാ പ്രസിഡന്റ് സുനീഷ് മണ്ണത്തൂർ അധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ അനുസ്മരണ പ്രഭാഷണവും, കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോൺ മുഖ്യപ്രഭാഷണവും നടത്തി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച മനു അടിമാലി, വിൽസൺ വേതാനി, ലോട്ടസ് ജോർജ്, ലിബിൻ തോമസ്, സംഘടനാ രംഗത്ത് നേതൃത്വ പദവിയിലെത്തിയ എം.എം. ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. സുനിൽ, തിരുമാറാടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബേബി, കൂത്താട്ടുകുളം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
നഗരസഭാ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ്, കെ.ജെ.യു ജില്ലാ സെക്രട്ടറി വി. ദിലീപ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ഷാജി, മേഖലാ പ്രസിഡന്റ് വിൽസൺ വേതാനി, സെക്രട്ടറി എൽദോ ജോൺ, തിരുമാറാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കൂത്താട്ടുകുളം നഗരസഭ, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

