മെൽബൺ: മെൽബണിലെ ടീം ഹോട്ടലിൽ അച്ചടക്ക ലംഘനം നടത്തിയ സംഭവത്തെ തുടർന്ന് സിഡ്നി സ്വാൻസ് (Sydney Swans) ഫുട്ബോൾ ക്ലബ്ബിലെ അഞ്ച് പ്രമുഖ താരങ്ങളെ 2026 എ.എഫ്.എൽ (AFL) സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. റിലി ബൈസ്, നിക്ക് ബ്ലേക്കി, ഐസക് ഹീനി, ജെയിംസ് ജോർദാൻ, ചാഡ് വാർണർ എന്നിവർക്കെതിരെയാണ് ക്ലബ്ബ് കടുത്ത നടപടിയെടുത്തത്. പുൾമാൻ ഈസ്റ്റ് മെൽബൺ ഹോട്ടലിൽ നടന്നതായി പറയപ്പെടുന്ന ലൈംഗിക പീഡന പരാതിയിൽ വിക്ടോറിയ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ നിന്ന് സ്വതന്ത്രമായാണ് ക്ലബ്ബിന്റെ അച്ചടക്ക നടപടി.
പുറത്തുപോയി മദ്യപിച്ച ശേഷം പുലർച്ചെ ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തിയ താരങ്ങൾ, ‘പ്രൈവറ്റ് ലാപ് ഡാൻസി’നായി വനിതാ നർത്തകിമാരെ മുറിയിലെത്തിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർന്ന് രാവിലെ ഏഴുമണിയോടെ ഹോട്ടൽ ലോബിയിലെത്തിയ രണ്ട് യുവതികൾ ജീവനക്കാരോട് പരാതിപ്പെടുകയായിരുന്നു. മുറിയിൽ വെച്ച് തങ്ങൾക്ക് മോശം അനുഭവമുണ്ടായെന്നും ദുരുദ്ദേശ്യത്തോടെ സ്പർശിച്ചതായും ഇവർ ആരോപിച്ചു. ഇതിൽ ഒരു യുവതി അസ്വസ്ഥയായി കരഞ്ഞുകൊണ്ട് ശുചിമുറിയിലേക്ക് പോയതായും വിവരങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയതായും ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിക്ടോറിയ പൊലീസ് ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താരങ്ങൾ ക്ലബ്ബിന്റെ പെരുമാറ്റച്ചട്ടങ്ങളും അച്ചടക്ക മാനദണ്ഡങ്ങളും ലംഘിച്ചതിനാലാണ് ഫൈനൽസ് ഉൾപ്പെടെയുള്ള ഈ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നും അവരെ വിലക്കിയതെന്ന് സിഡ്നി സ്വാൻസ് ചീഫ് എക്സിക്യൂട്ടീവ് മാത്യു പാവ്ലിച്ച് വ്യക്തമാക്കി. താരങ്ങൾക്ക് ക്ലബ്ബിലേക്ക് മടങ്ങിയെത്താമെങ്കിലും ഈ സീസണിൽ കളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ രാത്രി പരിശീലകൻ ഡീൻ കോക്സും മറ്റ് സ്റ്റാഫുകളും പുറത്തുപോയിരുന്നുവെങ്കിലും അത് ടീമിന്റെ മുൻകൂട്ടി നിശ്ചയിച്ച ഒത്തുചേരലായിരുന്നുവെന്നും അതിൽ അച്ചടക്ക ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പാവ്ലിച്ച് കൂട്ടിച്ചേർത്തു.
ക്ലബ്ബിന്റെ ചരിത്രത്തിലെ വിഷമകരമായ ദിനമാണിതെന്നും ആരാധകരോടും സ്പോൺസർമാരോടും ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നതായും സ്വാൻസ് ചെയർമാൻ ആൻഡ്രൂ പ്രിധാം അറിയിച്ചു. നടപടി നേരിട്ട അഞ്ച് താരങ്ങളും തിങ്കളാഴ്ച രാത്രി റോഡ് മാർഗ്ഗമാണ് സിഡ്നിയിലേക്ക് മടങ്ങിയത്. ഞായറാഴ്ച എസ്.സി.ജിയിൽ (SCG) നോർത്ത് മെൽബണുമായി സിഡ്നി സ്വാൻസ് ഏറ്റുമുട്ടാനിരിക്കെയാണ് ടീമിന് കനത്ത തിരിച്ചടിയായി ഈ വിവാദം ഉയർന്നുവന്നത്.

