പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിന്റെ വടക്കൻ പ്രാന്തപ്രദേശമായ ബട്ലറിൽ നിന്ന് പത്തു വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായതായി പോലീസ്. ലിൻഡൽ നിൻഗെല്ല എന്ന പെൺകുട്ടിയെയാണ് ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 5:45 ഓടെ കാണാതായത്.
കറുത്ത ഷോർട്സും കറുത്ത ജമ്പറുമാണ് കുട്ടി അവസാനമായി ധരിച്ചിരുന്നത്. ഏകദേശം 160 സെൻ്റീമീറ്റർ ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള കുട്ടിക്ക് തവിട്ടുനിറത്തിലുള്ള നീളമുള്ള മുടിയും ഇരുണ്ട തവിട്ടുനിറത്തിലുള്ള കണ്ണുകളുമാണുള്ളത്. കാണാതായ സ്ഥലത്തുനിന്ന് 80 കിലോമീറ്ററോളം അകലെയുള്ള പെർത്തിന്റെ തീരദേശ പ്രാന്തപ്രദേശങ്ങളായ ക്വിനാന ലെഡ , പാർമേലിയ അല്ലെങ്കിൽ വെല്ലാർഡ് തുടങ്ങിയ മേഖലകളിലേക്ക് കുട്ടി സഞ്ചരിച്ചിട്ടുണ്ടാ കാമെന്നാണ് പോലീസ് നിഗമനം.
തിങ്കളാഴ്ച ഉച്ചയോടെ കുട്ടിയെ കണ്ടെത്തിയതായി പോലീസ് ആദ്യം തെറ്റായി അറിയിപ്പ് നൽകിയിരുന്നെങ്കിലും, മണിക്കൂറുകൾക്ക് ശേഷം കുട്ടി ഇപ്പോഴും കാണാമറയത്താണെന്ന് വ്യക്തമാക്കി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും കുട്ടി ബന്ധുക്കളുടെയോ പരിചയക്കാരുടെയോ കൂടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ദുര ഡിസ്ട്രിക്റ്റ് പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ഡാരൻ ഹാർട്ട് മാധ്യമസമ്മേളനത്തിൽ വ്യക്തമാക്കി. വാരാന്ത്യത്തിൽ കുട്ടി വെല്ലാർഡ് മേഖലയിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയൻ പോലീസ് അഭ്യർത്ഥിച്ചു.

