കരിങ്ങാച്ചിറ – തിരുവാങ്കുളം പാത 14 മീറ്ററിൽ നവീകരിക്കും; മന്ത്രി അനൂപ് ജേക്കബ്

തൃപ്പൂണിത്തറ: കൊച്ചി-തേനി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കരിങ്ങാച്ചിറ മുതല്‍ തിരുവാങ്കുളം വരെയുള്ള റോഡ് 14 മീറ്റര്‍ വീതിയില്‍ നവീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവാങ്കുളം ജംഗ്ഷനില്‍ 20 മീറ്റര്‍ വീതിയില്‍ റൗണ്ടാന (റൗണ്ട് എബൗട്ട്) നിര്‍മ്മിച്ച് നാലുഭാഗത്തേക്കുമുള്ള ഗതാഗതം സുഗമമാക്കാനും സിഗ്‌നലുകളില്ലാതെ തന്നെ വാഹനങ്ങൾ തിരിച്ചുവിടാനും സാധിക്കും. ഇവിടെ ‘ഫ്രീ ലെഫ്റ്റ്’ സൗകര്യം ഏർപ്പെടുത്തുന്നതോടെ മൂവാറ്റുപുഴ ഭാഗത്തേക്കുള്ള യാത്രയും സുഗമമാകും. ചിത്രപ്പുഴ-മാമല ബണ്ട് റോഡിന്റെ നിര്‍മ്മാണത്തിനുള്ള നടപടികളും സമാന്തരമായി ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവാങ്കുളം ജംഗ്ഷനിൽ സ്ഥലനിര്‍ണയ പരിശോധന പൂർത്തിയാക്കി. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സര്‍വേ നടത്താന്‍ കലക്ടറെ ചുമതലപ്പെടുത്തിയത്. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടൻ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കും.

തിരുവാങ്കുളം മുതല്‍ വയലില്‍പാടം റോഡുവരെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനിനായി പ്രത്യേക ചാനല്‍ (ഡക്റ്റ്) തയാറാക്കി പൈപ്പുകൾ സ്ഥാപിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഥലപരിശോധനയിൽ തൃപ്പൂണിത്തറ നഗരസഭ ചെയര്‍മാന്‍ പി.എല്‍. ബാബു, കൗണ്‍സിലര്‍മാരായ സി.എ. ഷാജി, കെ.ആര്‍. സുകുമാരന്‍, ജിന്‍സി റോയ്, രോഹിണി കൃഷ്ണകുമാര്‍, മഞ്ജു ബിനു, മുന്‍ കൗണ്‍സിലര്‍ റോയ് തിരുവാങ്കുളം, ഹെഡ് സര്‍വേയര്‍ പവിത്രന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *