അഡ്ലെയ്ഡ്: ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ റോഡിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുകയായിരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥിനി കാറിടിച്ച് മരിച്ച കേസിൽ യുവ ഡ്രൈവർ ജയിൽശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സാമിയ മാലിക് എന്ന വിദേശ വിദ്യാർത്ഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സൗത്ത് ഓസ്ട്രേലിയൻ ഡിസ്ട്രിക്റ്റ് കോടതിയിൽ നടന്ന വിചാരണയിലാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അപകടത്തിന് മുൻപ് നാല് മിനിറ്റോളം സാമിയ റോഡിൽ പ്രാർത്ഥനാ രൂപത്തിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ അപകടമൊഴിവാക്കാൻ ഇവരെ വെട്ടിച്ച് കടന്നുപോയിരുന്നെങ്കിലും പിന്നാലെയെത്തിയ വാഹനം സാമിയയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും സാഹചര്യം പരിഗണിച്ച് പ്രതിയായ യുവ ഡ്രൈവർക്ക് കോടതി ജയിൽശിക്ഷ ഒഴിവാക്കി നൽകുകയായിരുന്നു.

