പമ്പ: ശബരിമല തീർത്ഥാടന കാലത്ത് പെരുനാട് – പമ്പ റോഡിൽ വാഹനങ്ങളുടെ അമിതവേഗത മൂലം വന്യമൃഗങ്ങൾ അപകടത്തിൽപ്പെട്ട് ചാകുന്ന സാഹചര്യത്തിൽ, വന്യജീവി സംരക്ഷണത്തിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പ്. പമ്പ സ്പെഷ്യൽ ഡ്യൂട്ടി ഫോറസ്റ്റ് കൺട്രോൾ റൂം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (എ.സി.എഫ്) മനു സത്യനാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളിൽ നിന്ന് റോഡരികിലേക്ക് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷിക്കാനായി വന്യമൃഗങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.
നവംബർ 16 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ മാത്രം രണ്ട് നാടൻ കുരങ്ങുകളും (ബോണറ്റ് മക്കാക്ക്) ഒരു കരിങ്കുരങ്ങും (നീലഗിരി ലംഗൂർ) വാഹനങ്ങളിടിച്ച് പരിക്കേറ്റ് ചത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നിൽ ഉൾപ്പെടുന്നതും അതീവ സംരക്ഷണ പ്രാധാന്യമുള്ളതുമായ കരിങ്കുരങ്ങ് പൂർണ്ണമായും മരങ്ങളിൽ മാത്രം ജീവിക്കുന്നവയാണ്. ഇവ പോലും ഭക്ഷണാവശിഷ്ടങ്ങൾ തേടി റോഡിലിറങ്ങുന്ന സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് വനംവകുപ്പ് നോക്കിക്കാണുന്നത്. ഇതിനുപുറമെ, നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള 19 കിലോമീറ്റർ റോഡ് വീതികൂട്ടി ടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗത വർധിച്ചതും വന്യമൃഗങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.
സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കൽ – പമ്പ പാതയിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനായി കൂടുതൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചു. റാന്നി വനം ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മേഖലയിൽ കൂടുതൽ ശുചീകരണ തൊഴിലാളികളെ വിന്യസിക്കണമെന്നും, വനമേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും റോഡരികിലേക്ക് വലിച്ചെറിയരുതെന്ന് തീർത്ഥാടകർക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നും വനംവകുപ്പ് വ്യക്തമാക്കി.

