ന്യൂഡൽഹി: രാജ്യം ഇന്ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നു. ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ രാജ്യത്തിന്റെ ശാസ്ത്രീയ മികവിനും നവീകരണ മനോഭാവത്തിനും അറിവിന്റെ അതിരുകൾ ഭേദിക്കാനുള്ള ദൃഢനിശ്ചയത്തിനും തെളിവാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വ്യക്തമാക്കി. രാജ്യത്തെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, നൂതനാശയക്കാർ എന്നിവരുടെ നിസ്തുലമായ സമർപ്പണമാണ് ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്നും ബഹിരാകാശ ദിന സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ചരിത്രപരമായ വിജയത്തിന്റെ സ്മരണാർത്ഥമാണ് രാജ്യം എല്ലാ വർഷവും ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിച്ചു വരുന്നത്. 2023 ആഗസ്റ്റ് 23-നായിരുന്നു ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ നേട്ടത്തിന്റെ വാർഷിക ദിനത്തിലാണ് രാജ്യമൊട്ടാകെ വിവിധ പരിപാടികളോടെ ബഹിരാകാശ ദിനം കൊണ്ടാടുന്നത്.

