റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള തീരുവയും ഉപരോധവും ഒഴിവാക്കി ട്രംപ്; ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം

വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്താനിരുന്ന അധിക തീരുവകളും ഉപരോധ നടപടികളും താൽക്കാലികമായി ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ നിയമപ്രകാരം ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നടപടി. അമേരിക്കയുടെ ദേശീയ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഒപ്പുവച്ച ലിൻഡ്സെ ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026 പ്രകാരമാണ് പുതിയ നടപടികൾക്ക് വഴിയൊരുങ്ങിയത്. റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കർശനമായ സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റിന് നിയമം അധികാരം നൽകുന്നു.

വെള്ളിയാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഉപരോധങ്ങളും തീരുവകളും പ്രയോഗിക്കുന്നത് ഒഴിവാക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഇളവ് ദേശീയ താൽപര്യത്തിന് അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം കോൺഗ്രസിന് നൽകിയതായും ഉത്തരവിൽ പറയുന്നു.

എണ്ണവില ഉയരുന്നതിൽ ആശങ്ക

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തെത്തുടർന്ന് ആഗോള ഊർജവിപണിയിൽ സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ തീരുവകൾ എണ്ണവില ഉയരാൻ ഇടയാക്കുമെന്ന ആശങ്ക തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇന്ധനവില ഉയരുന്നത് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകൂടത്തിന് രാഷ്ട്രീയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം

റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും പുതിയ തീരുമാനം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. റഷ്യയിൽനിന്നുള്ള ഊർജ ഇറക്കുമതിയുടെ പേരിൽ കടുത്ത തീരുവകൾ നേരിടേണ്ടിവരുമെന്ന ആശങ്ക ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചിരുന്നു. പുതിയ ഉത്തരവോടെ നിയമപ്രകാരമുള്ള നടപടികൾ ഉടൻ നടപ്പാക്കുന്നത് ഒഴിവായെങ്കിലും ഭാവിയിൽ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത പൂർണമായി ഇല്ലാതായിട്ടില്ല.

അതേസമയം, റഷ്യയ്ക്കെതിരായ സമ്മർദം കുറയ്ക്കുന്ന ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കൻ കോൺഗ്രസിലെ ചില അംഗങ്ങൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയോടുള്ള അമേരിക്കയുടെ നയത്തിൽ മാറ്റം വരുന്നതിന്റെ സൂചനയായും തീരുമാനം വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *